കാൻബറ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ അൽഗോരിതം അധിഷ്ഠിത ഉള്ളടക്കങ്ങൾ കാണണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉപയോക്താക്കൾക്ക് നൽകാനൊരുങ്ങി ഓസ്‌ട്രേലിയൻ ഫെഡറൽ സർക്കാർ. നിർദ്ദിഷ്ട 'ഡിജിറ്റൽ ഡ്യൂട്ടി ഓഫ് കെയർ' നിയമത്തിന്റെ ഭാഗമായി ടിക്ടോക്, ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഉപയോക്താക്കൾക്ക് പുഷ് നോട്ടിഫിക്കേഷൻ വഴി ഇതിനുള്ള ചോയ്‌സ് നൽകേണ്ടി വരും. ഉപയോക്താക്കൾ ഫോളോ ചെയ്യുന്ന പ്രൊഫൈലുകളുടെ പോസ്റ്റുകൾ മാത്രമുള്ള ഫീഡ് വേണമോ അതോ റെക്കമെൻഡേഷൻ അൽഗോരിതം അനുസരിച്ചുള്ള ഉള്ളടക്കങ്ങൾ വേണമോ എന്ന് തിരഞ്ഞെടുക്കാൻ സാധിക്കുന്ന 'മൈ ഫീഡ്, മൈ വേ' (My Feed, My Way) എന്ന സംവിധാനമാണ് നടപ്പിലാക്കുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഓൺലൈൻ വഴിയുള്ള ദോഷഫലങ്ങൾ തടയുന്നതിൽ വീഴ്ച വരുത്തിയാൽ 100 ദശലക്ഷം ഡോളറിലധികം (ഏകദേശം 550 കോടിയിലധികം രൂപ) പിഴ ചുമത്താൻ പുതിയ കരട് നിയമം വ്യവസ്ഥ ചെയ്യുന്നു. കുട്ടികളിൽ സൈബർ ബുള്ളിയിംഗ്, അശ്ലീല ഉള്ളടക്കങ്ങൾ, അക്രമവാസന എന്നിവ വളർത്തുന്ന റീൽസുകളും പോസ്റ്റുകളും തടയുകയാണ് പ്രധാന ലക്ഷ്യം. കൂടാതെ 16 വയസ്സിന് താഴെയുള്ളവർക്ക് പേഴ്സണലൈസ്ഡ് അൽഗോരിതങ്ങളും എൻഡ്‌ലെസ് സ്ക്രോളിംഗും (Endless Scrolling) പൂർണ്ണമായി ഓഫ് ചെയ്യാനും കരട് നിയമത്തിൽ നിർദ്ദേശമുണ്ട്. അതേസമയം, മന്ത്രിമാർക്ക് അമിതാധികാരം നൽകുന്ന നിയമം അഭിപ്രായ സ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്ന് പ്രതിപക്ഷം വിമർശിച്ചു.