ഓസ്‌ട്രേലിയയിൽ കുട്ടികൾ കടുത്ത മാനസിക പ്രതിസന്ധിയിൽ 
Australia

ഓസ്‌ട്രേലിയയിൽ കുട്ടികൾ കടുത്ത മാനസിക പ്രതിസന്ധിയിൽ;അടിയന്തിര കേസുകൾ കോവിഡ് കാലത്തെ നിരക്കിലേക്ക്

പ്രശ്നങ്ങൾ കൈവിട്ടുപോകുന്നതിന് മുൻപ് തന്നെ ഏത് സമയത്തും ഏത് ആവശ്യത്തിനും ഹെൽപ്പ്‌ലൈനുമായി ബന്ധപ്പെടാൻ അദ്ദേഹം കുട്ടികളോട് അഭ്യർത്ഥിച്ചു.

Elizabath Joseph

ബ്രിസ്ബേൻ: ഓസ്‌ട്രേലിയയിലെ കുട്ടികളും കൗമാരക്കാരും വൻതോതിൽ മാനസികസമ്മർദ്ദങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകുന്നതായി കുട്ടികൾക്കായുള്ള പ്രമുഖ കൗൺസിലിങ് സേവന ശൃംഖലയായ 'കിഡ്‌സ് ഹെൽപ്പ്‌ലൈൻ' വ്യക്തമാക്കുന്നു. സംഘടന പുറത്തുവിട്ട 2025-ലെ ഇംപാക്ട് റിപ്പോർട്ട് (Kids Helpline Impact Report) പ്രകാരം കഴിഞ്ഞ ഒരു വർഷത്തിനിടെ 1,28,998 തവണയാണ് സഹായം തേടി കുട്ടികൾ ഹെൽപ്പ്‌ലൈനുമായി ബന്ധപ്പെട്ടത്. അതായത് പ്രതിദിനം ശരാശരി 353 കേസുകൾ.

ഇതിൽ ഏറ്റവും ആശങ്കപ്പെടുത്തുന്നത് കുട്ടി സ്വയം ജീവനൊടുക്കാനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും രീതിയിലുള്ള കടുത്ത ശാരീരിക അതിക്രമങ്ങൾക്കോ ഇരയാകാൻ സാധ്യതയുള്ള 5,190 'അടിയന്തിര രക്ഷാപ്രവർത്തന' കേസുകൾ ഉണ്ടായി എന്നതാണ്. അതായത്, കുട്ടിയുടെ ജീവന് ഉടനടി അപകടമുണ്ടെന്ന് മനസ്സിലാക്കി ഹെൽപ്പ്‌ലൈൻ കൗൺസിലർമാർക്ക് നേരിട്ട് പോലീസിനെയോ ചൈൽഡ് പ്രൊട്ടക്ഷൻ ടീമിനെയോ വിളിച്ചു വരുത്തേണ്ടി വന്നത് പ്രതിദിനം ശരാശരി 14 കേസുകളിലാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കാണിത്. കോവിഡ് കാലത്തെ ഏറ്റവും ഉയർന്ന റെക്കോർഡായ 2021-ലെ 5,829 കേസുകളിലേക്ക് രാജ്യം വീണ്ടും അതിവേഗം അടുക്കുകയാണെന്ന സൂചനയാണ് റിപ്പോർട്ട് നൽകുന്നത്.

ഫോൺ കോളുകളേക്കാൾ വെബ് ചാറ്റിന് പ്രിയം; സെക്‌സ്റ്റോർഷൻ ഭീഷണിയും വർദ്ധിക്കുന്നു:

ഹെൽപ്പ്‌ലൈൻ ചരിത്രത്തിൽ ആദ്യമായി ഫോൺ കോളുകളേക്കാൾ കൂടുതൽ കുട്ടികൾ സഹായം തേടാൻ മെസ്സേജിങ് അഥവാ 'വെബ് ചാറ്റ്' (Webchat) സംവിധാനമാണ് ഉപയോഗിച്ചത് (50 ശതമാനം പേർ). രാത്രി വൈകി മുറികളിലിരുന്ന് സംസാരിക്കുമ്പോൾ സ്വകാര്യത നഷ്ടപ്പെടുമെന്ന ഭയവും ടൈപ്പ് ചെയ്ത് കാര്യങ്ങൾ പറയുന്നതിലുള്ള എളുപ്പവുമാണ് ഇതിന് കാരണം. 71 ശതമാനം കുട്ടികളും ഹെൽപ്പ്‌ലൈനുമായി ബന്ധപ്പെടുന്നത് രാത്രി വൈകിയ വേളകളിലും വാരാന്ത്യങ്ങളിലുമാണ്.

സെക്‌സ്റ്റോർഷൻ (Sextortion - ഇന്റർനെറ്റിലൂടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ബ്ലാക്ക്‌മെയിൽ ചെയ്യൽ), ഇമേജ് അധിഷ്ഠിത പീഡനങ്ങൾ എന്നിവ കാരണം സഹായം തേടിയെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ 67 ശതമാനം വർദ്ധനവാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉണ്ടായത്. ഇതിൽ ഇരയാക്കപ്പെടുന്നവരിൽ 63 ശതമാനവും ആൺകുട്ടികളാണെന്നത് ശ്രദ്ധേയമാണ്. ഓൺലൈൻ സുരക്ഷാ പ്രശ്നങ്ങൾ, സോഷ്യൽ മീഡിയ ഭീഷണികൾ എന്നിവയ്ക്ക് പുറമെ മാതാപിതാക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും , വാടക കൊടുക്കാനും പഠനത്തിനുമായി ഒന്നിലധികം ജോലികൾ ചെയ്യേണ്ടി വരുന്ന യുവാക്കളുടെ സമ്മർദ്ദങ്ങളും ഈ പ്രതിസന്ധികൾക്ക് ആക്കം കൂട്ടുന്നുവെന്ന് നാഷണൽ സർവീസ് മാനേജർ ലിയോ ഹെഡ് പറഞ്ഞു. പ്രശ്നങ്ങൾ കൈവിട്ടുപോകുന്നതിന് മുൻപ് തന്നെ ഏത് സമയത്തും ഏത് ആവശ്യത്തിനും ഹെൽപ്പ്‌ലൈനുമായി ബന്ധപ്പെടാൻ അദ്ദേഹം കുട്ടികളോട് അഭ്യർത്ഥിച്ചു.

SCROLL FOR NEXT