PM Modi  Internet
Australia

മെൽബണിൽ മോദി തരംഗം; ഡോക്‌ലാൻഡ്‌സ് സ്റ്റേഡിയത്തിൽ സ്വീകരണം,ഇരുപതിനായിരത്തോളം പ്രവാസികൾ പങ്കെടുക്കും

രാജ്യത്തുടനീളമുള്ള നാനൂറിലധികം പ്രവാസി സംഘടനകളുടെ പങ്കാളിത്തത്തോടെ നടക്കുന്ന രണ്ട് മണിക്കൂർ നീളുന്ന കൺസേർട്ടിൽ 17 ടീമുകളിലായി 333 കലാകാരന്മാർ അണിനിരക്കും.

Elizabath Joseph

മെൽബൺ: ഓസ്‌ട്രേലിയയിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികൾ താമസിക്കുന്ന മെൽബൺ നഗരത്തിലേക്ക് ആദ്യമായി എത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാൻ സർവ്വ സന്നാഹങ്ങളുമായി ഓസ്‌ട്രേലിയൻ മലയാളി സമൂഹം ഉൾപ്പെടെയുള്ള ഇന്ത്യൻ ഡയസ്‌പോറ. ഓസ്‌ട്രേലിയ-ഇന്ത്യ വാർഷിക ഉച്ചകോടിയുടെ ഭാഗമായി ജൂലൈ 8 മുതൽ 10 വരെ നടക്കുന്ന സന്ദർശനത്തിനിടയിൽ, വ്യാഴാഴ്ച മെൽബണിലെ പ്രശസ്തമായ ഡോക്‌ലാൻഡ്‌സ് സ്റ്റേഡിയത്തിലാണ് വൻ ജനകീയ സ്വീകരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും മോദിക്കൊപ്പം ഈ വേദിയിൽ പങ്കാളിയാകും.

ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന 'മെൽബൺ മീറ്റ്സ് മോദി' (Melbourne Meets Modi) എന്ന ഈ പരിപാടി പൂർണ്ണമായും ബുക്ക്ഡ്-ഔട്ട് ആയിക്കഴിഞ്ഞു. സ്റ്റേഡിയത്തിനുള്ളിൽ 18,000 മുതൽ 20,000 വരെ ആളുകൾ പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം വീക്ഷിക്കുമെന്നാണ് സംഘാടകരായ 'ഓസ്‌ട്രേലിയ ഇന്ത്യ ഫൗണ്ടേഷൻ' വ്യക്തമാക്കുന്നത്. രാജ്യത്തുടനീളമുള്ള നാനൂറിലധികം പ്രവാസി സംഘടനകളുടെ പങ്കാളിത്തത്തോടെ നടക്കുന്ന രണ്ട് മണിക്കൂർ നീളുന്ന കൺസേർട്ടിൽ 17 ടീമുകളിലായി 333 കലാകാരന്മാർ അണിനിരക്കും. ഭാരതത്തിന്റെ വൈവിധ്യവും ഒരുമയും വിളംബരം ചെയ്യുന്ന 'ഏക് സുർ' (Ek Sur) എന്ന പ്രശസ്തമായ ഗാനത്തിന്റെ സംഗീതവിരുന്ന് ഉൾപ്പെടെയുള്ളവ വേദിയിൽ അരങ്ങേറും.

ഭീഷണിയും രാഷ്ട്രീയ പ്രതിഷേധങ്ങളും:

അതേസമയം, നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അദ്ദേഹത്തിനെതിരെ വധഭീഷണി മുഴക്കിയ ഒരാൾക്ക് ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് ഔദ്യോഗികമായി കടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ പ്രതിപക്ഷ സംഘടനയായ 'ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്‌ട്രേലിയ' ഈ പരിപാടിയെ കേവലം ഒരു രാഷ്ട്രീയ പ്രചാരണം മാത്രമായി വിമർശിച്ചു. രാജ്യത്തെ നിലവിലെ സാമ്പത്തിക ഊർജ്ജ പ്രതിസന്ധികളിലും സമൂഹത്തിലെ ധ്രുവീകരണത്തിലും തങ്ങൾക്ക് ആശങ്കയുണ്ടെന്ന് സംഘടനയുടെ നാഷണൽ പ്രസിഡന്റ് മനോജ് ഷിയോറൻ പറഞ്ഞു. കൂടാതെ, വിദേശത്ത് കഴിയുന്ന തങ്ങൾക്ക് ഇന്ത്യൻ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനുള്ള (Diaspora Voting Rights) സ്ഥിരമായ ഒരു സംവിധാനം കേന്ദ്ര സർക്കാർ ഒരുക്കണമെന്നും പ്രവാസികൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ രാഷ്ട്രീയ-മത വ്യത്യാസങ്ങൾക്കപ്പുറം ഗോവൻ അസോസിയേഷൻ ഉൾപ്പെടെയുള്ള നിരവധി സമുദായങ്ങൾ തങ്ങളുടെ പാരമ്പര്യം ലോകത്തിന് മുന്നിൽ കാട്ടാനുള്ള വലിയൊരു അവസരമായാണ് ഈ ഒത്തുചേരലിനെ കാണുന്നത്.

SCROLL FOR NEXT