Nik Shuliahin 
Australia

തളരുന്ന മാനസികാരോഗ്യം; ഓസ്‌ട്രേലിയയിൽ വരുമാന സഹായം തേടുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

വരുമാന സഹായത്തിനായി എത്തുന്ന മൂന്നിലൊന്ന് അപേക്ഷകളും മാനസികാരോഗ്യം തകരാറിലായതുമായി ബന്ധപ്പെട്ടതാണ്.

Elizabath Joseph

മെൽബൺ: ഓസ്‌ട്രേലിയയിൽ ഏകദേശം 80 ലക്ഷത്തിലധികം (8 Million) ആളുകൾ നിലവിൽ വിവിധയിടങ്ങളിൽ നിന്നുള്ള വരുമാന സഹായത്തെ (Income Support) ആശ്രയിക്കുന്നതായി കണക്കുകൾ. ഒരു ദശകം മുൻപുള്ളതിനേക്കാൾ 20 ലക്ഷം പേരുടെ വർദ്ധനവാണ് ഈ മേഖലയിൽ ഉണ്ടായിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും മാനസികാരോഗ്യം മോശമായതിനെത്തുടർന്ന് ജോലി ഉപേക്ഷിക്കേണ്ടി വന്നവരാണെന്ന് കൗൺസിൽ ഓഫ് ഓസ്‌ട്രേലിയൻ ലൈഫ് ഇൻഷുറൻസ് (CALI) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

മാനസികാരോഗ്യം: വരുമാന സഹായത്തിനായി എത്തുന്ന മൂന്നിലൊന്ന് അപേക്ഷകളും മാനസികാരോഗ്യം തകരാറിലായതുമായി ബന്ധപ്പെട്ടതാണ്. ഇത് മറ്റ് ശാരീരിക പ്രശ്നങ്ങളേക്കാൾ സങ്കീർണ്ണവും കൂടുതൽ കാലം നീണ്ടുനിൽക്കുന്നതുമാണെന്ന് ഇൻഷുറൻസ് കമ്പനികൾ ചൂണ്ടിക്കാട്ടുന്നു.

സിക്ക ലീവുകളുടെ ഉപയോഗം: സഹായം തേടുന്ന 80 ലക്ഷം ആളുകളിൽ ഭൂരിഭാഗവും (ഏകദേശം 75 ലക്ഷം പേർ) തൊഴിലുടമകൾ നൽകുന്ന 'സിക്ക്‌ ലീവുകളെ'യാണ് ആശ്രയിക്കുന്നത്. എന്നാൽ മാനസിക പ്രശ്നങ്ങൾ മൂലം ഇവ തീർന്നുപോകുകയും ആളുകൾ ദീർഘകാല സഹായങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്നതാണ് നിലവിലെ പ്രതിസന്ധി.

സമ്പദ്‌വ്യവസ്ഥയ്ക്കുള്ള ബാധ്യത: പ്രതിവർഷം ഏകദേശം 80 ബില്യൺ ഡോളറാണ് വരുമാന സഹായത്തിനായി രാജ്യം ചിലവഴിക്കുന്നത്.

അവ്യക്തമായ നിയമങ്ങളും കാലതാമസവും

നിലവിൽ ഓസ്‌ട്രേലിയയിൽ 11 തരം ഇൻകം സപ്പോർട്ട് സംവിധാനങ്ങളുണ്ട്. എന്നാൽ ഓരോന്നിനും വ്യത്യസ്തമായ നിയമങ്ങളും മെഡിക്കൽ പരിശോധനകളും ആയതിനാൽ രോഗബാധിതരായ ആളുകൾക്ക് അപേക്ഷാ നടപടികൾ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഒരു വിഭാഗത്തിൽ സഹായം നിഷേധിക്കപ്പെട്ടാൽ അടുത്തതിലേക്ക് അപേക്ഷിക്കുമ്പോൾ വീണ്ടും തുടക്കം മുതൽ എല്ലാ നടപടികളും പൂർത്തിയാക്കേണ്ടി വരുന്നു.

ഇടപെടലുകൾ നേരത്തെ വേണം:

രോഗം മൂർച്ഛിച്ച് ജോലി പൂർണ്ണമായും ഉപേക്ഷിക്കുന്നതിന് മുൻപ് തന്നെ ആവശ്യമായ ചികിത്സയും സാമ്പത്തിക സഹായവും ലഭ്യമാക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നു. എല്ലാ ഇൻകം സപ്പോർട്ട് സംവിധാനങ്ങളെയും ഏകോപിപ്പിക്കുകയും മാനസികാരോഗ്യത്തിന് കൃത്യമായ നിർവ്വചനങ്ങൾ നൽകുകയും ചെയ്താൽ ആളുകളെ ജോലിയിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുമെന്ന് കാലി (CALI) ചീഫ് എക്സിക്യൂട്ടീവ് ക്രിസ്റ്റിൻ കുപ്പിറ്റ് പറഞ്ഞു.

SCROLL FOR NEXT