Steve Doig/ Unsplash
Australia

ഭവന പ്രതിസന്ധി മറികടക്കാൻ മാറ്റം വേണം; നഗരങ്ങളിലെ 'സോണിംഗ്' നിയമങ്ങൾക്കെതിരെ മുന്നറിയിപ്പ്

രാജ്യത്തെ വിവിധ നഗരങ്ങളിലെ ഭവന നിർമ്മാണ നിയന്ത്രണങ്ങൾ വ്യക്തമാക്കുന്ന ഭൂപടംപുറത്തുവന്നതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ.

Elizabath Joseph

ഓസ്‌ട്രേലിയൻ നഗരങ്ങളിലെ കടുത്ത റിയൽ എസ്റ്റേറ്റ് നിയമങ്ങളും സോണിംഗ് നിയന്ത്രണങ്ങളും (Zoning Restrictions) അടിയന്തരമായി നീക്കം ചെയ്യാത്തപക്ഷം മെൽബൺ, അഡ്‌ലെയ്ഡ്, ബ്രിസ്ബേൻ തുടങ്ങിയ നഗരങ്ങൾ ഭവന പ്രതിസന്ധിയിൽ സിഡ്‌നിയുടെ അതേ തകർച്ച നേരിടേണ്ടിവരുമെന്ന് റിസർവ് ബാങ്ക് മുൻ സീനിയർ ഗവേഷകന്റെ മുന്നറിയിപ്പ്. രാജ്യത്തെ വിവിധ നഗരങ്ങളിലെ ഭവന നിർമ്മാണ നിയന്ത്രണങ്ങൾ വ്യക്തമാക്കുന്ന ഭൂപടം (Housing Atlas) പുറത്തുവന്നതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ. ഹോബാർട്ടിലെ 97 ശതമാനം ജനവാസ മേഖലകളിലും, അഡ്‌ലെയ്ഡിൽ 91 ശതമാനം സ്ഥലങ്ങളിലും വിമാനത്താവള സുരക്ഷയും മറ്റ് കാരണങ്ങളും മുൻനിർത്തി രണ്ട് നിലകളിൽ കൂടുതൽ കെട്ടിടങ്ങൾ നിർമ്മിക്കാൻ അനുമതിയില്ല. ബ്രിസ്ബേൻ, ഡാർവിൻ എന്നീ നഗരങ്ങളിൽ ടൗൺഹൗസുകൾ നിർമ്മിക്കുന്നതിന് വിലക്കുള്ളതിനാൽ യഥാക്രമം 66%, 73% സ്ഥലങ്ങളിലും പ്രത്യേകമായി വേർതിരിച്ച ഒറ്റപ്പെട്ട വീടുകൾ (Detached houses) മാത്രമേ നിർമ്മിക്കാൻ സാധിക്കൂ.

കാൻബെറയിൽ കുറഞ്ഞ ജനസാന്ദ്രതയുള്ള സോണിംഗ് നിയമങ്ങൾ നിലനിൽക്കുമ്പോൾ മെൽബണിലും സിഡ്‌നിയിലും പൈതൃക സംരക്ഷണ നിയമങ്ങളാണ് (Heritage Protections) പുതിയ ഫ്ലാറ്റുകളും അപ്പാർട്ട്മെന്റുകളും വരുന്നത് തടസ്സപ്പെടുത്തുന്നത്. ഭവന നിർമ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കാൻ സോണിംഗ് നിയമങ്ങൾ ലഘൂകരിക്കുന്നത് സ്വാഗതാർഹമാണെങ്കിലും, സാമ്പത്തിക പ്രതിസന്ധിയും വിദഗ്ധ തൊഴിലാളികളുടെ ക്ഷാമവുമാണ് നിലവിൽ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് പ്രോപ്പർട്ടി കൗൺസിൽ പ്രതിനിധി മാത്യു കാൻഡലെയേഴ്സ് വ്യക്തമാക്കി. നിർമ്മാണാനുമതി ലഭിച്ചാലും വിവിധ ഫീസുകളും നികുതികളും കാരണം വീടുപണി തുടങ്ങാൻ മാസങ്ങൾ വൈകുന്നുവെന്നും പുതിയ വീടിന്റെ ആകെ ചെലവിന്റെ 40 ശതമാനവും ഇത്തരം സർക്കാർ നികുതികളാണെന്നും നിർമ്മാതാക്കൾ ചൂണ്ടിക്കാണിക്കുന്നു. ഈ തടസ്സങ്ങൾ നീക്കി ഭവന ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനായി മെയ് ബജറ്റിൽ പ്രഖ്യാപിച്ച 2 ബില്യൺ ഡോളറിന്റെ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് വഴി അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിലാക്കാൻ ഫെഡറൽ സർക്കാർ സംസ്ഥാനങ്ങളുമായി ചർച്ച നടത്തിവരികയാണ്.

SCROLL FOR NEXT