ഓസ്‌ട്രേലിയയിൽ കുടിയേറ്റക്കാരുടെ എണ്ണം വർധിക്കുന്നു Steve Doig/ Unsplash
Australia

ഓസ്‌ട്രേലിയയിൽ കുടിയേറ്റക്കാരുടെ എണ്ണം വർധിക്കുന്നു; ഭവന പ്രതിസന്ധി രൂക്ഷമാകുമെന്ന് പ്രതിപക്ഷം

Elizabath Joseph

ഓസ്‌ട്രേലിയയിലേക്കുള്ള പ്രവാസി കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഈ വർഷവും അടുത്ത വർഷവുമായി 55,000 പേരുടെ വർധനവുണ്ടാകുമെന്ന് ഫെഡറൽ ബജറ്റ് വ്യക്തമാക്കുന്നു. അടുത്ത നാല് വർഷത്തിനുള്ളിൽ ഏകദേശം 10 ലക്ഷത്തോളം പുതിയ കുടിയേറ്റക്കാർ രാജ്യത്തെത്തുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. ഈ സാമ്പത്തിക വർഷം 2,95,000 പേരും അടുത്ത വർഷം 2,45,000 പേരും പുതുതായി എത്തുമെന്ന് പ്രവചിക്കപ്പെടുന്നു. ഇത്രയും അധികം ആളുകൾ എത്തുന്നതോടെ രാജ്യത്ത് ഏകദേശം 22,000 പുതിയ വീടുകളുടെ കൂടി ആവശ്യം വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കുടിയേറ്റ നിരക്ക് കുതിച്ചുയരുന്നത് രാജ്യത്തെ ഭവന വിപണിയെയും ആരോഗ്യരംഗത്തെയും അടിസ്ഥാന സൗകര്യങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചു. കുടിയേറ്റ നിരക്ക് കുറയ്ക്കുന്നതിനും അത് ഭവന നിർമ്മാണ നിരക്കിന് അനുസൃതമായി ക്രമീകരിക്കുന്നതിനുമുള്ള പുതിയ പദ്ധതി പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലർ ഉടൻ പ്രഖ്യാപിക്കാനിരിക്കുകയാണ്. നിലവിലെ കുടിയേറ്റ നിരക്ക് നിയന്ത്രണാതീതമാണെന്നും ഇത് സാധാരണക്കാരുടെ ജീവിതം പ്രയാസകരമാക്കുമെന്നും ലിബറൽ പാർട്ടി ഡെപ്യൂട്ടി ലീഡർ ജെയ്ൻ ഹ്യൂം വ്യക്തമാക്കി. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായുള്ള വിസ ചട്ടങ്ങൾ കർശനമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.

എന്നാൽ, കുടിയേറ്റ നിരക്കിലെ ഈ വർധനവ് പുതിയ ആളുകൾ എത്തുന്നതുകൊണ്ടല്ലെന്നും മറിച്ച് താൽക്കാലിക വിസയിലുള്ളവർ കൂടുതൽ കാലം രാജ്യത്ത് തുടരുന്നതുകൊണ്ടാണെന്നും ട്രഷറർ ജിം ചാൽമേഴ്സ് വിശദീകരിച്ചു. പാൻഡെമിക് കാലത്തെക്കാൾ കുടിയേറ്റ നിരക്ക് 45 ശതമാനം കുറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കുടിയേറ്റം സാധാരണ നിലയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇതിനെ പ്രതിരോധിക്കാൻ ബജറ്റിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ട്രഷറർ കൂട്ടിച്ചേർത്തു. നിലവിൽ രാജ്യത്തുള്ളവർക്ക് സ്ഥിരതാമസത്തിന് മുൻഗണന നൽകുന്നതുൾപ്പെടെയുള്ള നടപടികളിലൂടെ കുടിയേറ്റ നിരക്ക് കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

SCROLL FOR NEXT