AI നിയന്ത്രിക്കാൻ പ്രത്യേക സർക്കാർ വകുപ്പുമായി ഓസ്‌ട്രേലിയ Igor Omilaev/ Unsplash
Australia

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിയന്ത്രിക്കാൻ പ്രത്യേക സർക്കാർ വകുപ്പുമായി ഓസ്‌ട്രേലിയ; പ്രഖ്യാപനം

സാങ്കേതികവിദ്യയ്ക്ക് മേൽ കൃത്യമായ മേൽനോട്ടം ഉറപ്പാക്കുന്നതിനൊപ്പം ഈ മേഖലയിലെ വിദേശ നിക്ഷേപങ്ങളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന നീക്കം

Elizabath Joseph

സിഡ്‌നി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സുരക്ഷിതമായ വികസനവും നിയന്ത്രണങ്ങളും ഏകോപിപ്പിക്കുന്നതിനായി രാജ്യത്ത് പുതിയ 'ഓഫീസ് ഓഫ് എഐ' രൂപീകരിക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ. സാങ്കേതികവിദ്യയ്ക്ക് മേൽ കൃത്യമായ മേൽനോട്ടം ഉറപ്പാക്കുന്നതിനൊപ്പം ഈ മേഖലയിലെ വിദേശ നിക്ഷേപങ്ങളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന നീക്കം. പ്രധാനമന്ത്രിയുടെയും കാബിനറ്റിന്റെയും വകുപ്പിന് കീഴിലായിരിക്കും ഈ പുതിയ എഐ ഓഫീസ് പ്രവർത്തിക്കുക. വിവിധ മന്ത്രാലയങ്ങളെ ഒന്നിപ്പിച്ചു നിർത്തിക്കൊണ്ടുള്ള ഒരു സമഗ്രമായ സമീപനമായിരിക്കും ഇതിലൂടെ നടപ്പിലാക്കുക. ബുധനാഴ്ച സിഡ്‌നിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി ആന്റണി അൽബനീസ് ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തും.

ഇതുവരെ ഓരോ മേഖലയ്ക്കും പ്രത്യേകം പ്രത്യേകമായാണ് എഐയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്നതെന്നും, എന്നാൽ 1920-കളിലെ സിവിൽ ഏവിയേഷനും 1990-കളിലെ ജനിതകശാസ്ത്രവും പോലെ എഐ സാങ്കേതികവിദ്യയ്ക്കും ഇനി മുതൽ ഏകീകൃതമായ സർക്കാർ മേൽനോട്ടം ആവശ്യമാണെന്നും അൽബനീസ് തന്റെ പ്രസംഗത്തിൽ വ്യക്തമാക്കും. ആഗോളതലത്തിൽ ഇത്തരമൊരു സംയോജിത സർക്കാർ സംവിധാനം ആദ്യമായാണ്. ഇത് അനുമതികൾ വേഗത്തിലാക്കാനും എഐ കമ്പനികൾക്ക് കൂടുതൽ വ്യക്തത നൽകാനും സഹായിക്കും. നിലവിൽ ഓസ്‌ട്രേലിയയിൽ പ്രത്യേക എഐ നിയമങ്ങളൊന്നുമില്ല. പകരം സ്വകാര്യതാ നിയമങ്ങളും സ്വമേധയായുള്ള എത്തിക്‌സ് ഫ്രെയിംവർക്കുമാണ് ഉപയോഗിക്കുന്നത്. എഐ മൂലമുണ്ടാകാവുന്ന തൊഴിൽ നഷ്ടം, ഉയർന്ന ഊർജ്ജ-ജല ഉപഭോഗം, ബൗദ്ധിക സ്വത്തവകാശ ലംഘനങ്ങൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നിയന്ത്രണ ഓഫീസ് വരുന്നത്.

SCROLL FOR NEXT