ഓസ്‌ട്രേലിയയിൽ മരണനിരക്കിൽ ഒന്നാമതായി ഡിമെൻഷ്യ Steven HWG/ unsplash
Australia

പത്തിൽ ഒരാളുടെ മരണം ഡിമെൻഷ്യ മൂലം; ഓസ്‌ട്രേലിയയിൽ മരണനിരക്കിൽ ഒന്നാമതായി മറവിരോഗം തുടരുന്നു

ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുക്കുന്ന പ്രധാന രോഗകാരണമായി ഡിമെൻഷ്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

Elizabath Joseph

കാൻബറ: ഓസ്‌ട്രേലിയയിൽ സംഭവിക്കുന്ന പത്ത് മരണങ്ങളിൽ ഒന്നിനും കാരണം മറവിരോഗമാണെന്ന് (ഡിമെൻഷ്യ) വ്യക്തമാക്കി ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (ABS). കഴിഞ്ഞ വർഷം അൽഷിമേഴ്‌സ് ഉൾപ്പെടെയുള്ള ഡിമെൻഷ്യ ബാധിച്ച് രാജ്യത്ത് 19,000-ത്തിലധികം ആളുകളാണ് മരിച്ചത്. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുക്കുന്ന പ്രധാന രോഗകാരണമായി ഡിമെൻഷ്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഓസ്‌ട്രേലിയയുടെ ചരിത്രത്തിൽ ആദ്യമായാണ് ആകെ മരണങ്ങളിൽ പത്ത് ശതമാനത്തിലധികം ഡിമെൻഷ്യ ബാധ മൂലം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

2024-ലാണ് ഡിമെൻഷ്യ ആദ്യമായി രാജ്യത്തെ പ്രധാന മരണകാരണമായി മാറിയതെന്ന് എബിഎസ് മോർട്ടാലിറ്റി സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി ലോറൻ മോറാൻ ചൂണ്ടിക്കാട്ടി. സ്ത്രീകളിൽ കഴിഞ്ഞ പത്ത് വർഷമായി ഏറ്റവും കൂടുതൽ മരണം വിതയ്ക്കുന്നത് ഡിമെൻഷ്യയാണ്. ആയുർദൈർഘ്യം വർദ്ധിച്ചതും മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ വഴി പ്രായമായവരുടെ എണ്ണം കൂടിയതുമാണ് മറവിരോഗം പ്രധാന മരണകാരണമാകാൻ കാരണമെന്ന് പ്രമുഖ ഡെമോഗ്രാഫർ ലിസ് അലൻ വ്യക്തമാക്കി.

ഹൃദ്രോഗമാണ് (ഇസ്കെമിക് ഹാർട്ട് ഡിസീസ്) മരണനിരക്കിൽ രണ്ടാം സ്ഥാനത്തുള്ളത്. തലച്ചോറിനെ ബാധിക്കുന്ന സെറിബ്രോവാസ്കുലർ രോഗങ്ങൾ, ശ്വാസകോശാർബുദം, ക്രോണിക് റെസ്പിറേറ്ററി രോഗങ്ങൾ എന്നിവയാണ് ആദ്യ അഞ്ചിലുള്ള മറ്റ് രോഗങ്ങൾ. ഈ അഞ്ച് രോഗങ്ങൾ ചേർന്നാണ് രാജ്യത്തെ ആകെ മരണങ്ങളുടെ മൂന്നിലൊന്നും ഉണ്ടാക്കുന്നത്. അതേസമയം, ജനസംഖ്യയിലെ ശരാശരി മരണനിരക്ക് കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് താഴുകയും ശരാശരി ആയുസ്സ് 81.9 വയസ്സായി ഉയരുകയും ചെയ്തു. എന്നാൽ ആദിവാസി-ടോറസ് സ്ട്രെയിറ്റ് വിഭാഗങ്ങളിൽ ഹൃദ്രോഗം ഇപ്പോഴും പ്രധാന മരണകാരണമായി തുടരുകയാണെന്നും മയക്കുമരുന്ന് ഉപയോഗം മൂലമുള്ള മരണങ്ങളിൽ ആശങ്കാജനകമായ വർദ്ധനവ് രേഖപ്പെടുത്തിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

SCROLL FOR NEXT