ഒമ്പത് ചൈൽഡ് കെയർ സെന്ററുകളുടെ ഫണ്ട് നിർത്തലാക്കാൻ നീക്കം Gabe Pierce/ usplash
Australia

നിലവാരം കുറഞ്ഞ ഒമ്പത് ചൈൽഡ് കെയർ സെന്ററുകളുടെ ഫണ്ട് നിർത്തലാക്കാൻ നീക്കം; നടപടി കർശനമാക്കി സർക്കാർ

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും സുരക്ഷാ വീഴ്ചകളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കഴിഞ്ഞ വർഷം ലേബർ സർക്കാർ കൊണ്ടുവന്ന നിയമപരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ നടപടി.

Elizabath Joseph

നിശ്ചിത സമയപരിധിക്കുള്ളിലും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിൽ പരാജയപ്പെട്ട ഒമ്പത് ചൈൽഡ് കെയർ സെന്ററുകൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ഓസ്‌ട്രേലിയൻ സർക്കാർ. ഈ സ്ഥാപനങ്ങൾക്ക് നൽകി വരുന്ന സർക്കാർ ധനസഹായം (Child Care Subsidy) നിർത്തലാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും സുരക്ഷാ വീഴ്ചകളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കഴിഞ്ഞ വർഷം ലേബർ സർക്കാർ കൊണ്ടുവന്ന നിയമപരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ നടപടി. നിലവിൽ നിരീക്ഷണത്തിലായിരുന്ന 60-ഓളം സെന്ററുകളിൽ ഭൂരിഭാഗവും നിലവാരം മെച്ചപ്പെടുത്തിയെങ്കിലും ഒമ്പത് എണ്ണം പരാജയപ്പെടുകയായിരുന്നു.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ചൈൽഡ് കെയർ മേഖലയിലെ ജീവനക്കാർക്കായി ദേശീയ രജിസ്റ്ററും നിർബന്ധിത സുരക്ഷാ പരിശീലനവും വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ജീവനക്കാരുടെ വിവരങ്ങൾ രജിസ്റ്ററിൽ അപ്ഡേറ്റ് ചെയ്യാത്ത സ്ഥാപനങ്ങൾക്ക് 34,200 ഡോളർ വരെ പിഴ ചുമത്തും. ജീവനക്കാർ ഒരേസമയം വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതും അവർ സംസ്ഥാനങ്ങൾ മാറി ജോലിക്ക് പോകുന്നതും നിരീക്ഷിക്കാൻ ഈ രജിസ്റ്റർ സഹായിക്കും. കൂടാതെ, നിലവിലുള്ള ലക്ഷക്കണക്കിന് ജീവനക്കാർ അടുത്ത ആറ് മാസത്തിനുള്ളിൽ നിർബന്ധിത സുരക്ഷാ പരിശീലനം പൂർത്തിയാക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

സ്ഥാപനങ്ങളിലെ അധ്യാപക-വിദ്യാർത്ഥി അനുപാതത്തിൽ നിലനിന്നിരുന്ന പഴുതുകൾ അടയ്ക്കാനും സർക്കാർ തീരുമാനിച്ചു. 'അണ്ടർ ദ റൂഫ്' (Under-the-roof) എന്ന പേരിൽ അറിയപ്പെടുന്ന രീതി അനുസരിച്ച് ഓരോ മുറിയിലുമുള്ള കുട്ടികളുടെ എണ്ണത്തിന് പകരം സ്ഥാപനത്തിലെ ആകെ കുട്ടികളുടെ കണക്കായിരുന്നു എടുത്തിരുന്നത്. ഇത് സുരക്ഷാ വീഴ്ചകൾക്ക് കാരണമാകുന്നു എന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഈ രീതി നിർത്തലാക്കാൻ എല്ലാ സംസ്ഥാനങ്ങളും തീരുമാനിച്ചു. കുട്ടികളുടെ സുരക്ഷയേക്കാൾ വലുതായി മറ്റൊന്നുമില്ലെന്നും സുരക്ഷാ സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ വ്യക്തമാക്കി.

SCROLL FOR NEXT