Supplied
Australia

ഓസ്‌ട്രേലിയയിൽ വാടക കുതിച്ചുയരുന്നു; 5 വർഷത്തിനിടെ 80 % വരെ വർദ്ധനവ്, പെർത്തിലും മെൽബണിലും രൂക്ഷം

മെൽബൺ സെൻട്രലിൽ 72.6 ശതമാനവും (ആഴ്ചയിൽ $300 ഡോളർ), സിഡ്നിയിലെ എട്ടോളം സബർബുകളിൽ 60 ശതമാനത്തിലധികവും വാടക ഉയർന്നു.

Elizabath Joseph

മെൽബൺ: ഓസ്‌ട്രേലിയൻ തലസ്ഥാന നഗരങ്ങളിലെ വാടക നിരക്കുകളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 80 ശതമാനം വരെ ഭീമമായ വർദ്ധനവ് രേഖപ്പെടുത്തിയതായി പ്രോപ്പർട്ടി ഡാറ്റാ ഏജൻസിയായ കൊട്ടാലിറ്റിയുടെ (Cotality) റിപ്പോർട്ട്. പെർത്തിലെ വടക്കൻ സബർബായ ബാൽഗയിലാണ് (Balga) ഏറ്റവും ഉയർന്ന വാടക വർദ്ധനവ് (80%) ഉണ്ടായത്; ഇവിടെ അഞ്ച് വർഷം മുമ്പുള്ളതിനേക്കാൾ ആഴ്ചയിൽ $321 ഡോളറിലധികം അധികമാണ് വാടകക്കാർ നൽകുന്നത്. മെൽബൺ സെൻട്രലിൽ 72.6 ശതമാനവും (ആഴ്ചയിൽ $300 ഡോളർ), സിഡ്നിയിലെ എട്ടോളം സബർബുകളിൽ 60 ശതമാനത്തിലധികവും വാടക ഉയർന്നു.

രാജ്യാന്തര വിദ്യാർത്ഥികളുടെ കുത്തൊഴുക്കുള്ള യൂണിവേഴ്സിറ്റി പരിസരങ്ങളായ ചിപ്പൻഡെയ്ൽ (Chippendale), ഹേമാർക്കറ്റ് (Haymarket), കാൾട്ടൺ (Carlton) തുടങ്ങിയ സബർബുകളിലാണ് വാടകക്കയറ്റം ഏറ്റവും കൂടുതൽ പ്രതിഫലിച്ചത്. ഭവനവിലക്കയറ്റത്തിന് പുറമെ, പ്രോപ്പർട്ടി ടാക്സ്, നെഗറ്റീവ് ഗിയറിംഗ് പരിഷ്കാരങ്ങൾ എന്നിവ വഴി ഉടമകൾക്കുണ്ടായ അധിക ബാധ്യത വാടകക്കാരിലേക്ക് കൈമാറിയതും നിരക്കുകൾ ഉയരാൻ കാരണമായി. കാൻബറ ഒഴികെയുള്ള എല്ലാ പ്രധാന ഓസ്‌ട്രേലിയൻ തലസ്ഥാന നഗരങ്ങളിലും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ശരാശരി 30 ശതമാനത്തിലധികം വാടക വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

SCROLL FOR NEXT