ബ്രിസ്‌ബേൻ/ഡാർവിൻ: നേപ്പാൾ-തിബറ്റ് അതിർത്തി മേഖലയിലുണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരമർപ്പിച്ചും കാണാതായവർക്കായി പ്രാർത്ഥിച്ചും ഓസ്‌ട്രേലിയയിലുടനീളം പ്രാർത്ഥനാ സംഗമങ്ങൾ. നേപ്പാളിൽ കാണാതായ 42 ഓസ്‌ട്രേലിയൻ പൗരന്മാരടക്കമുള്ള ആയിരക്കണക്കിന് ആളുകൾക്കായി ബ്രിസ്‌ബേനിലെ കിംഗ് ജോർജ്ജ് സ്‌ക്വയറിലും ഡാർവിനിലെ നോർത്തേൺ ടെറിട്ടറി പാർലമെന്റ് പടവുകളിലും നേപ്പാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് ആളുകൾ ഒത്തുചേർന്ന് മെഴുകുതിരികൾ തെളിയിച്ചു.
ദുരന്തത്തിൽ നേപ്പാളി ജനതയ്ക്കൊപ്പം ഓസ്‌ട്രേലിയ ഉറച്ചുനിൽക്കുമെന്ന് ബ്രിസ്‌ബേനിലെ സംഗമത്തെ അഭിസംബോധന ചെയ്തുകൊണ്ട് ട്രഷറർ ജിം ചാൽമേഴ്‌സ് വ്യക്തമാക്കി. രക്ഷാപ്രവർത്തനങ്ങൾക്കായി ഓസ്‌ട്രേലിയ മൂന്ന് ദശലക്ഷം ഡോളർ കൂടി അധിക സഹായം പ്രഖ്യാപിച്ചു. ഇതോടെ ഓസ്‌ട്രേലിയയുടെ ആകെ സഹായധനം 8 ദശലക്ഷം ഡോളറായി. കാഠ്മണ്ഡുവിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിദേശകാര്യ വകുപ്പ് 12 വിദഗ്ദ്ധരെക്കൂടി അധികമായി നേപ്പാളിലേക്ക് അയച്ചിട്ടുണ്ട്.