കാൻബറ: യൂറോപ്പിലും അമേരിക്കയിലും വലിയ തോതിൽ നാശം വിതച്ച എച്ച്5എൻ1 (H5N1 clade 2.3.4.4b) പക്ഷിപ്പനി ഓസ്‌ട്രേലിയൻ തീരങ്ങളിലേക്കും വ്യാപിക്കുന്നു. നൂറുകണക്കിന് പക്ഷികൾ ഇതിനകം ചത്തൊടുങ്ങിയതായും പ്രാദേശിക പക്ഷിസമൂഹങ്ങളിൽ വൈറസ് പടരുന്നതായും ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ശ്വാസകോശത്തെയും ദഹനവ്യവസ്ഥയെയും നാഡീവ്യവസ്ഥയെയും ഒരേസമയം ബാധിക്കുന്നതാണ് പുതിയ വകഭേദമെന്നത് ഇതിന്റെ പ്രഹരശേഷി വർദ്ധിപ്പിക്കുന്നു.
ഓസ്‌ട്രേലിയയിലെ 20 ശതമാനത്തോളം പക്ഷിസമൂഹങ്ങളും 10 ശതമാനം സസ്തനികളും വൈറസ് ഭീഷണിയിലാണെന്നാണ് കണക്കാക്കുന്നത്. അന്താരാഷ്ട്ര തലത്തിലെ മുൻകാല അനുഭവങ്ങൾ പരിശോധിക്കുമ്പോൾ പക്ഷിപ്പനിയുടെ ആദ്യ തരംഗമാണ് (First Wave) ഏറ്റവും വിനാശകരമായി മാറുന്നത്. കടൽ പക്ഷികളും മറ്റ് വന്യജീവികളും കൂട്ടത്തോടെ ചത്തൊടുങ്ങുമെങ്കിലും, അതിജീവിക്കുന്നവരിൽ സ്വാഭാവിക പ്രതിരോധശേഷി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ചെറു പെൻഗ്വിനുകൾ ഉൾപ്പെടെയുള്ള അപൂർവ്വ ഇനം ജീവികളെ സംരക്ഷിക്കുന്നതിനായി പ്രതിരോധ കുത്തിവെപ്പുകൾ (Vaccination) നൽകുന്നതുൾപ്പെടെയുള്ള വിപുലമായ സുരക്ഷാ മുൻകരുതലുകളുമായി ഓസ്‌ട്രേലിയൻ അധികൃതർ മുന്നോട്ടുപോവുകയാണ്.