Australia

മുരിങ്ങയ്ക്ക് വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ

. ഭക്ഷ്യോൽപന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷയും പരിശോധിക്കുന്ന ഔദ്യോഗിക സ്ഥാപനമായ ഫൂഡ് സ്റ്റാൻഡേർഡ്സ് ഓസ്‌ട്രേലിയ ന്യൂസീലൻഡ് (FSANZ) നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

Safvana Jouhar

സൂപ്പർഫൂഡായ മുരിങ്ങയെ നിരോധിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയും ന്യൂസീലൻഡും. മുരിങ്ങയോ അതിൽ നിന്നുള്ള ഉൽപന്നങ്ങളോ ഭക്ഷ്യവസ്തുവായോ സപ്ലിമെന്റായോ വിൽക്കുന്നതും ഇറക്കുമതി ചെയ്യുന്നതും ഓസ്‌ട്രേലിയൻ സർക്കാർ കർശനമായി നിരോധിച്ചിരിക്കുന്നു. ഭക്ഷ്യോൽപന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷയും പരിശോധിക്കുന്ന ഔദ്യോഗിക സ്ഥാപനമായ ഫൂഡ് സ്റ്റാൻഡേർഡ്സ് ഓസ്‌ട്രേലിയ ന്യൂസീലൻഡ് (FSANZ) നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. മുരിങ്ങയെ ഒരു ഭക്ഷ്യ ഉൽപന്നമെന്ന നിലയിൽ വിപണിയിലെത്തിക്കാൻ ആവശ്യമായ സുരക്ഷാ ഡേറ്റയുടെ അപര്യാപ്തതയാണ് ഇതിന് കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത്. അതിനാൽ എഫ്എസ്എഎൻസീ മുരിങ്ങയെ ഒരു ‘നോവൽ ഫൂഡ്’ (സുരക്ഷാ കാര്യങ്ങളിൽ കൃത്യമായ ഉറപ്പില്ലാത്ത പുതിയ തരം ഭക്ഷണം) വിഭാഗത്തിലാണ് തരംതിരിച്ചിരിക്കുന്നത്.

മുരിങ്ങയില (പച്ചയും ഉണങ്ങിയതും), പാകമാകാത്ത പച്ചക്കായകൾ, വിത്തിൽ നിന്നുള്ള എണ്ണ എന്നിവ ചില്ലറ വിൽപനയ്ക്കുള്ള ഭക്ഷണമായോ അതിന്റെ ചേരുവകളായോ മാറ്റാൻ ഓസ്‌ട്രേലിയ ന്യൂസീലൻഡ് ഫൂഡ് സ്റ്റാൻഡേർഡ്സ് കോഡിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് ഒരു അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, മുരിങ്ങ മനുഷ്യന്റെ ആരോഗ്യത്തിന് യാതൊരുവിധ സുരക്ഷാ പ്രശ്നങ്ങളും ഉണ്ടാക്കില്ലെന്ന് തെളിയിക്കാൻ ആവശ്യമായ ഡാറ്റ ഹാജരാക്കാൻ അപേക്ഷകർക്ക് കഴിഞ്ഞില്ല. ഇതോടെ എഫ്എസ്എഎൻസീ ഈ അപേക്ഷ നിരസിക്കുകയും വിപണിയിലെ വിലക്ക് കർശനമാക്കാൻ തീരുമാനിക്കുകയുമായിരുന്നു.

പുതിയ നിയമപ്രകാരം മുരിങ്ങയുടെ വാണിജ്യപരമായ എല്ലാ സാധ്യതകൾക്കും ഓസ്‌ട്രേലിയയിൽ വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ചില്ലറ വ്യാപാരികൾക്ക് മുരിങ്ങയിലയോ, കായകളോ, വിത്തിൽ നിന്നുള്ള എണ്ണയോ ഭക്ഷ്യ ഘടകമായി വിൽക്കാൻ സാധിക്കില്ല. വിപണിയിൽ ലഭിക്കുന്ന മുരിങ്ങപ്പൊടി, ഗുളികകൾ, ചായ (Moringa Tea) എന്നിവയ്ക്കും നിരോധനം ബാധകമാണ്. എന്നാൽ മുരിങ്ങയുടെ വാണിജ്യപരമായ കൃഷിക്കും വിപണനത്തിനും മാത്രമാണ് നിരോധനമുള്ളത്. വ്യക്തിപരമായ ആവശ്യങ്ങൾക്കായി സ്വന്തം വീട്ടുപറമ്പിൽ മുരിങ്ങ മരം നട്ടുവളർത്തുന്നതിനോ, അതിന്റെ ഇലകൾ സ്വകാര്യമായി പാകം ചെയ്ത് കഴിക്കുന്നതിനോ യാതൊരുവിധ നിയമതടസ്സവുമില്ല. അതേസമയം ഭക്ഷണത്തിനോ സപ്ലിമെന്റിനോ വേണ്ടി വിദേശങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന മുരിങ്ങ ഉൽപന്നങ്ങൾ അതിർത്തിയിൽ വച്ച് തന്നെ സുരക്ഷാ വിഭാഗം തടയുകയും പിടിച്ചെടുക്കുകയും ചെയ്യും. 1992ലെ ‘ഇംപോർട്ടഡ് ഫൂഡ് കൺട്രോൾ ആക്ട്’ പ്രകാരം മാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപന്നങ്ങളെ ‘പരാജയപ്പെട്ട ഭക്ഷണം’ ആയി പ്രഖ്യാപിച്ച് നശിപ്പിക്കുകയോ തിരിച്ചയക്കുകയോ ചെയ്യും. നിയമം ലംഘിച്ച് മുരിങ്ങ ഇറക്കുമതി ചെയ്യുന്നത് ഈ നിയമത്തിലെ സെക്ഷൻ 8 പ്രകാരം കടുത്ത കുറ്റകൃത്യമാണ്.

SCROLL FOR NEXT