ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തെത്തുടർന്ന് വിവാദത്തിലായ ആൻഡ്രൂ മൗണ്ട് ബാറ്റൺ-വിൻസറെ ബ്രിട്ടീഷ് സിംഹാസനത്തിന്റെ അവകാശ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കത്തിന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് ഔദ്യോഗിക പിന്തുണ അറിയിച്ചു. നിലവിൽ സിംഹാസനത്തിന്റെ എട്ടാം അവകാശിയായ ആൻഡ്രൂവിനെ ഈ പദവിയിൽ നിന്ന് നീക്കം ചെയ്യുന്നതിനായി നിയമനിർമ്മാണം നടത്താൻ ബ്രിട്ടീഷ് സർക്കാർ ആലോചിക്കുന്ന പശ്ചാത്തലത്തിലാണ് ആൽബനീസ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറിന് അയച്ച കത്തിലാണ് ആൽബനീസ് തന്റെ പിന്തുണ അറിയിച്ചത്. ആൻഡ്രൂവിനെതിരെയുള്ള ആരോപണങ്ങൾ ഗൗരവകരമാണെന്നും ഓസ്‌ട്രേലിയൻ ജനത ഇതിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സിംഹാസനത്തിന്റെ അവകാശ പട്ടികയിൽ മാറ്റം വരുത്തണമെങ്കിൽ കിംഗ് ചാർലിസ് ഭരണത്തലവനായ ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ എല്ലാ കോമൺവെൽത്ത് രാജ്യങ്ങളും പുതിയ നിയമം പാസാക്കേണ്ടതുണ്ട്. ഇത്തരം ഒരു നീക്കത്തിന് പിന്തുണ നൽകുന്ന ആദ്യ കോമൺവെൽത്ത് നേതാവാണ് ആന്തണി ആൽബനീസ്.
പൊതു പദവിയിലിരിക്കെ ഔദ്യോഗിക വിവരങ്ങൾ ചോർത്തി നൽകിയതുൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ ആൻഡ്രൂവിനെതിരെ നിലവിലുണ്ട്. വിർജീനിയ റോബർട്ട്സ് ജിയുഫ്രെ എന്ന വനിത നൽകിയ ലൈംഗികാതിക്രമ പരാതിയിൽ നേരത്തെ ആൻഡ്രൂ കോടതിക്ക് പുറത്ത് ഒത്തുതീർപ്പ് നടത്തിയിരുന്നു. ആൻഡ്രൂവിനെ അവകാശ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതോടെ 'കൗൺസിലർ ഓഫ് സ്റ്റേറ്റ്' എന്ന പദവിയിൽ നിന്നും അദ്ദേഹം ഒഴിവാക്കപ്പെടും.