(iStock)
Australia

'1 ലക്ഷം ഓസ്‌ട്രേലിയൻ ഡോളർ എന്നാൽ 67 ലക്ഷം രൂപയല്ല!'; ഇന്ത്യൻ യുവാവിന്റെ വീഡിയോ വൈറൽ

ഓസ്‌ട്രേലിയയിൽ പ്രതിവർഷം 1,00,000 AUD സമ്പാദിക്കുന്ന ഒരാൾക്ക് ജീവിതച്ചെലവുകൾക്ക് ശേഷം കൈയിൽ എത്ര തുക മിച്ചം പിടിക്കാൻ സാധിക്കുമെന്ന കണക്കുകളാണ് കരൺ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.

Elizabath Joseph

സിഡ്‌നി: വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുടെ ശമ്പളം കേൾക്കുമ്പോൾ അതിനെ പെട്ടെന്ന് ഇന്ത്യൻ രൂപയിലേക്ക് മാറ്റി കണക്കുകൂട്ടി അത്ഭുതപ്പെടുന്നവർക്ക് കണ്ണുതുറപ്പിക്കുന്ന മുന്നറിയിപ്പുമായി ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ഇന്ത്യൻ വംശജനായ കരൺ സിംഗ് ഗിൽ. ഓസ്‌ട്രേലിയയിൽ പ്രതിവർഷം 1,00,000 ഓസ്‌ട്രേലിയൻ ഡോളർ (AUD) സമ്പാദിക്കുന്ന ഒരാൾക്ക് ജീവിതച്ചെലവുകൾക്ക് ശേഷം കൈയിൽ എത്ര തുക മിച്ചം പിടിക്കാൻ സാധിക്കുമെന്ന കണക്കുകളാണ് കരൺ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.

"ഞാൻ ഓസ്‌ട്രേലിയയിൽ ഒരു ലക്ഷം ഡോളർ സമ്പാദിക്കുന്നുണ്ടെന്ന് വീട്ടിൽ പറഞ്ഞപ്പോൾ അവർ കാൽക്കുലേറ്ററെടുത്ത് 67 ലക്ഷം രൂപ എന്ന് കണക്കുകൂട്ടി എന്നെ കോടീശ്വരനായി പ്രഖ്യാപിച്ചു" - കരൺ വീഡിയോയിൽ പറയുന്നു. എന്നാൽ ഈ കണക്കുകൂട്ടൽ പൂർണ്ണമായും ശരിയല്ലെന്നാണ് കരൺ ചൂണ്ടിക്കാണിക്കുന്നത്. 67 ലക്ഷം രൂപ എന്ന മാജിക് ഇന്ത്യയിൽ ജീവിച്ചാൽ മാത്രമേ നടക്കൂ, ഈ പണം ചെലവഴിക്കുന്നത് ഓസ്‌ട്രേലിയയിലാണെന്നതാണ് ഇതിലെ പ്രധാന വസ്തുത.

ഓസ്‌ട്രേലിയൻ ശമ്പളത്തിലെ പ്രധാന വെട്ടിക്കുറവുകൾ:

നികുതിയും മെഡികെയറും: ഒരു ലക്ഷം ഡോളർ ശമ്പളത്തിൽ നിന്ന് ഏകദേശം 22,788 ഡോളർ നികുതിയായും മെഡികെയർ ലെവിയായും സർക്കാരിലേക്ക് പോകും. ഇതോടെ കൈയിൽ കിട്ടുന്നത് 77,000 ഡോളറോളമാണ്.

വീട്ടുവാടക: ആഴ്ചയിൽ ശരാശരി 500 ഡോളർ നിരക്കിൽ പ്രതിവർഷം 26,000 ഡോളർ വാടകയിനത്തിൽ ചിലവാകും. ഇതോടെ ബാക്കി തുക 51,000 ഡോളറായി കുറയും.

ദിനംപ്രതിയുള്ള ചെലവുകൾ: പല വ്യഞ്ജനങ്ങൾ, യാത്രാക്കൂലി, വൈദ്യുതി, ഫോൺ ബില്ലുകൾ, ഇൻഷുറൻസ് എന്നിവയ്ക്കായി പ്രതിവർഷം 20,000 ഡോളറോളം ചെലവാകും.

എല്ലാ ചെലവുകളും കഴിഞ്ഞ് ഒരു വർഷം അവസാനം ബാക്കിയാകുന്നത് ഏകദേശം 31,000 ഡോളറോളമാണ് (ഏകദേശം 31%). ഇന്ത്യയിലേക്ക് അയക്കുന്ന തുകയ്ക്ക് മാത്രമേ രൂപയുടെ മൂല്യവർദ്ധനവ് ബാധകമാകുന്നുള്ളൂവെന്നും ഓസ്‌ട്രേലിയയിൽ ഒരു കോഫി കുടിക്കുന്നതിനും ഹെയർകട്ടിനുമെല്ലാം അവിടുത്തെ ജീവിതച്ചെലവിനനുസരിച്ച് ഉയർന്ന തുക തന്നെ നൽകേണ്ടി വരുമെന്നും കരൺ വ്യക്തമാക്കുന്നു. കരണിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

SCROLL FOR NEXT