ABC news Attorney-General Michelle Rowland
Australia

യാത്രാ വിവാദം: 10,000 ഡോളർ തിരിച്ചടച്ച് ഓസ്‌ട്രേലിയൻ അറ്റോർണി ജനറൽ

സ്പോർട്സ് മന്ത്രി അനിഖ വെൽസിന്റെ യാത്രാ ചിലവുകളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കിടയിലാണ് അറ്റോർണി ജനറലിന്റെ ഈ തിരിച്ചടവ് ശ്രദ്ധിക്കപ്പെടുന്നത്.

Elizabath Joseph

ഓസ്‌ട്രേലിയൻ അറ്റോർണി ജനറൽ മിഷേൽ റോളണ്ട് തന്റെ കുടുംബാംഗങ്ങളുടെ വിമാനയാത്രയ്ക്കായി സർക്കാർ ഫണ്ടിൽ നിന്ന് ഉപയോഗിച്ച ഏകദേശം 10,000 ഡോളർ തിരികെ നൽകി. 2023-ൽ പെർത്തിലേക്കുള്ള ഔദ്യോഗിക യാത്രയിൽ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടിയതിലൂടെ ഉണ്ടായ ചിലവുകൾ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഇൻഡിപെൻഡന്റ് പാർലമെന്ററി എക്സ്പെൻസസ് അതോറിറ്റി (IPEA) കണ്ടെത്തിയതിനെത്തുടർന്നാണ് ഈ നടപടി.

7,932 ഡോളർ വിമാനയാത്രാ കൂലിയായും, കൃത്യസമയത്ത് തുക തിരിച്ചടയ്ക്കാത്തതിനെത്തുടർന്നുള്ള 25 ശതമാനം പിഴയായി 1,983 ഡോളറുമാണ് അവർ അടച്ചത്. ആകെ 21,000 ഡോളറോളമാണ് ആ ആഴ്ചയിലെ യാത്രയ്ക്കായി അവർ ക്ലെയിം ചെയ്തിരുന്നത്. സ്പോർട്സ് മന്ത്രി അനിഖ വെൽസിന്റെ യാത്രാ ചിലവുകളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കിടയിലാണ് അറ്റോർണി ജനറലിന്റെ ഈ തിരിച്ചടവ് ശ്രദ്ധിക്കപ്പെടുന്നത്.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, എംപിമാരുടെ കുടുംബാംഗങ്ങളുടെ യാത്രാ നിയമങ്ങളിൽ പ്രധാനമന്ത്രി ആന്തണി ആൽബനീസ് നിയന്ത്രണങ്ങൾ കൊണ്ടുവന്നു. ഇനി മുതൽ എംപിമാരുടെ പങ്കാളികൾക്ക് ബിസിനസ് ക്ലാസ് യാത്രകൾ അനുവദിക്കില്ലെന്നും വർഷത്തിൽ ഒരു തവണ മാത്രമേ കാൻബറയ്ക്ക് പുറത്തേക്ക് കുടുംബത്തോടൊപ്പം ഔദ്യോഗിക യാത്രകൾ നടത്താൻ അനുവാദമുള്ളൂവെന്നും പുതിയ ചട്ടങ്ങൾ വ്യക്തമാക്കുന്നു.

SCROLL FOR NEXT