കഴിഞ്ഞ ജനുവരിയിൽ കാൻബറയിൽ നിന്നും ന്യൂകാസിലിലേക്ക് 19 യാത്രക്കാരുമായി പുറപ്പെട്ട ലിങ്ക് എയർവേയ്‌സ് വിമാനത്തിന്റെ ചക്രം പറന്നുയരുന്നതിനിടെ ഊരിത്തെറിച്ച സംഭവത്തിൽ അന്തിമ റിപ്പോർട്ട് പുറത്തുവന്നു. വിമാനത്തിന്റെ പ്രധാന ലാൻഡിംഗ് ഗിയറിലെ ഇടത് വശത്തെ ചക്രം വേർപെട്ടതായി എ.ടി.എസ്.ബി സ്ഥിരീകരിച്ചു. ചക്രം വേർപെടാൻ കാരണം ബെയറിംഗിനുണ്ടായ തകരാറാണെന്ന് കണ്ടെത്തിയെങ്കിലും, ഘടകങ്ങൾ പൂർണ്ണമായും തകർന്നതിനാൽ ഈ തകരാർ കൃത്യമായി എങ്ങനെയുണ്ടായി എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. നിർമ്മാണത്തിലെ പിഴവുകൾ, അശാസ്ത്രീയമായ ഇൻസ്റ്റാളേഷൻ, അല്ലെങ്കിൽ ലൂബ്രിക്കേഷന്റെ കുറവ് എന്നിവ ഇതിന് കാരണമായിട്ടുണ്ടാകാമെന്ന് കരുതുന്നുണ്ടെങ്കിലും വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തിയിരുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
വിമാനം പറന്നുയർന്ന ഉടൻ തന്നെ എയർ ട്രാഫിക് കൺട്രോൾ വിഭാഗമാണ് ചക്രം നഷ്ടപ്പെട്ട വിവരം പൈലറ്റുമാരെ അറിയിച്ചത്. ഉടൻ തന്നെ പൈലറ്റുമാർ അടിയന്തിര സാഹചര്യം പ്രഖ്യാപിക്കുകയും വിമാനം കാൻബറ വിമാനത്താവളത്തിൽ തന്നെ സുരക്ഷിതമായി തിരിച്ചിറക്കുകയും ചെയ്തു. സംഭവത്തിന് ശേഷം ലിങ്ക് എയർവേയ്‌സ് തങ്ങളുടെ മുഴുവൻ വിമാനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുകയും ചക്രങ്ങളിലെ ബെയറിംഗുകൾ മാറ്റുന്നതിനുള്ള സമയക്രമത്തിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. 1997-ന് ശേഷം ലോകമെമ്പാടുമായി സമാനമായ 14 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇതിൽ പ്രത്യേക ക്രമക്കേടുകളോ പ്രവണതകളോ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് വിമാന നിർമ്മാതാക്കളായ സാബ് (Saab) അറിയിച്ചു.