കാൻബറ: ഓസ്‌ട്രേലിയയിൽ പ്രവർത്തിക്കുന്ന വൻകിട കമ്പനികളിൽ 27 ശതമാനത്തോളം (1,149 കമ്പനികൾ) നികുതിയൊന്നും അടച്ചിട്ടില്ലെന്ന് ഓസ്‌ട്രേലിയൻ ടാക്സേഷൻ ഓഫീസ് (ATO). 100 ദശലക്ഷം ഡോളറിലധികം വരുമാനമുള്ള 4,299 വൻകിട സ്ഥാപനങ്ങളുടെ റിട്ടേണുകൾ പരിശോധിച്ചുള്ള പത്താമത് കോർപ്പറേറ്റ് ടാക്സ് ട്രാൻസ്പരൻസി റിപ്പോർട്ടിലാണ് എടിഒ ഈ കണക്കുകൾ വ്യക്തമാക്കിയത്. സാമ്പത്തിക മാന്ദ്യവും ഉയർന്ന പലിശനിരക്കും മൂലം കമ്പനികൾ അടച്ച മൊത്തം നികുതിയിൽ മുൻവർഷത്തെ അപേക്ഷിച്ച് 8.2 ബില്യൺ ഡോളറിന്റെ (8.6%) ഇടിവുണ്ടായി 87.5 ബില്യൺ ഡോളറായി കുറഞ്ഞു.
അക്കൗണ്ടിംഗ് നഷ്ടവും അനുവദനീയമായ ടാക്സ് ഓഫ്‌സെറ്റുകളും മൂലമാണ് പല കമ്പനികളും നികുതി അടയ്ക്കാതിരിക്കുന്നതെന്നും ഇത് നിയമവിരുദ്ധമാണെന്ന് അർത്ഥമില്ലെന്നും എടിഒ ആക്ടിംഗ് ഡെപ്യൂട്ടി കമ്മീഷണർ മിഷേൽ സാംസ് വിശദീകരിച്ചു. നികുതി നൽകാത്ത വൻകിട സ്ഥാപനങ്ങളുടെ നിരക്ക് 2013-14 ലെ 36 ശതമാനത്തിൽ നിന്ന് 27 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതേസമയം, നികുതി വെട്ടിപ്പും ലാഭം വിദേശത്തേക്ക് മാറ്റുന്നതും തടയാൻ രൂപീകരിച്ച ടാക്സ് അവോയ്ഡൻസ് ടാസ്‌ക്ഫോഴ്സ് വൻകിട സ്ഥാപനങ്ങളിൽ നിന്ന് 36 ബില്യൺ ഡോളർ അധിക നികുതിയായി പിരിച്ചെടുത്തു. ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സെന്ററുകൾ എന്നീ മേഖലകളിലെ വമ്പൻ സാമ്പത്തിക ഇടപാടുകളും വിദേശ അനുബന്ധ സ്ഥാപനങ്ങളിലേക്കുള്ള റോയൽറ്റി പേയ്‌മെന്റുകളും ഇനി കർശന നിരീക്ഷണത്തിലായിരിക്കുമെന്നും എടിഒ മുന്നറിയിപ്പ് നൽകി. നികുതി വരുമാനത്തിൽ ഇടിവുണ്ടായെങ്കിലും ഖനന-ഊർജ്ജ മേഖല തന്നെയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കോർപ്പറേറ്റ് നികുതി സംഭാവന ചെയ്തത്.