സിഡ്‌നി: സ്തനാർബുദ ബാധിതരായ സ്ത്രീകൾക്കും എൻഡോമെട്രിയോസിസ് രോഗികൾക്കും ആശ്വാസമായിരുന്ന ജീവൻരക്ഷാ മരുന്ന് 'സോളാഡെക്സ് 3.6 മില്ലിഗ്രാം' (Goserelin 3.6mg implant) ഓസ്‌ട്രേലിയൻ വിപണിയിൽ നിന്ന് പിൻവലിക്കാൻ നിർമ്മാതാക്കളായ അസ്ട്രാസെനെക്ക തീരുമാനിച്ചു. ഈ വർഷം നവംബറോടെ മരുന്ന് ഓസ്‌ട്രേലിയയിലെ ഫാർമസ്യൂട്ടിക്കൽ ബെനഫിറ്റ്സ് സ്കീമിൽ (PBS) നിന്നും പ്രൈവറ്റ് വിപണിയിൽ നിന്നും പൂർണ്ണമായി ഒഴിവാക്കും. കമ്പനിയുടെ ഈ വാണിജ്യപരമായ തീരുമാനം ക്രൂരവും സ്ത്രീകളുടെ ജീവൻ വെച്ചുള്ള കളിയുമാണെന്ന് രോഗികളും ആരോഗ്യ പ്രവർത്തകരും കുറ്റപ്പെടുത്തി. അതേസമയം, പ്രോസ്റ്റേറ്റ് കാൻസറിന് ഉപയോഗിക്കുന്ന ഇതിന്റെ ഉയർന്ന ഡോസായ സോളാഡെക്സ് 10.8 മില്ലിഗ്രാം വിപണിയിൽ തുടരും.
സ്തനാർബുദ കോശങ്ങളുടെ വളർച്ചയ്ക്ക് കാരണമാകുന്ന ഈസ്ട്രജൻ (Oestrogen) ഹോർമോണിന്റെ ഉത്പാദനം അണ്ഡാശയത്തിൽ തടഞ്ഞുനിർത്തുന്ന ഹോർമോൺ തെറാപ്പിയായാണ് ഈ മരുന്ന് നൽകുന്നത്. രോഗം വീണ്ടും വരാനുള്ള സാധ്യത കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം ഓസ്‌ട്രേലിയയിൽ 8,600-ലധികം രോഗികളാണ് ഈ മരുന്ന് ഉപയോഗിച്ചതെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മരുന്ന് വിപണിയിൽ നിന്ന് മാറ്റുന്നത് രോഗികൾക്ക് ചികിത്സാ തടസ്സങ്ങൾ സൃഷ്ടിക്കുമെന്ന് ഫാർമസ്യൂട്ടിക്കൽ ബെനഫിറ്റ്സ് അഡ്വൈസറി കമ്മിറ്റി (PBAC) മുന്നറിയിപ്പ് നൽകി.
മരുന്നിന്റെ സുരക്ഷിതത്വക്കുറവ് കൊണ്ടല്ല, മറിച്ച് ചില രാജ്യങ്ങളിലെ ഡോസ് ഓപ്ഷനുകൾ കുറയ്ക്കുന്നതിനുള്ള ആഗോള തീരുമാനത്തിന്റെ ഭാഗമായാണ് ഇതെന്നാണ് അസ്ട്രാസെനെക്കയുടെ വിശദീകരണം. ഓസ്‌ട്രേലിയൻ വിപണിയിൽ ഈ മരുന്ന് നിലനിർത്താൻ ആരോഗ്യ മന്ത്രാലയം ചർച്ചകൾ നടത്തിയെങ്കിലും കമ്പനി വഴങ്ങിയില്ല. ഈ സാഹചര്യത്തിൽ, നിലവിൽ പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് കാൻസറിന് മാത്രം അനുമതിയുള്ള ഉയർന്ന ഡോസായ 10.8 മില്ലിഗ്രാം ഇംപ്ലാന്റ്, സ്തനാർബുദ ചികിത്സയ്ക്ക് കൂടി ഉപയോഗിക്കാൻ അനുമതി നൽകുന്ന കാര്യം വരും മാസങ്ങളിൽ പി.ബി.എ.സി (PBAC) പരിഗണിച്ചേക്കും. ബദൽ മരുന്നുകൾക്കായി മറ്റ് ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി ചർച്ചകൾ നടത്തുകയാണെന്ന് സ്തനാർബുദ പ്രതിരോധ കൂട്ടായ്മകൾ അറിയിച്ചു.