സിഡ്നി: ആപ്പ് വിതരണത്തിലും പണമിടപാടുകളിലും ആപ്പിൾ കൈയ്യടക്കിവെച്ചിരുന്ന കുത്തക തകർത്ത് ഓസ്‌ട്രേലിയൻ ഫെഡറൽ കോടതിയുടെ ചരിത്രപരമായ വിധി. ഓസ്‌ട്രേലിയയിലെ ഐഫോൺ ഉപയോക്താക്കൾക്ക് മറ്റ് കമ്പനികളുടെ ആപ്പ് സ്റ്റോറുകൾ വഴിയും നേരിട്ട് വെബ്‌സൈറ്റുകളിൽ നിന്നും ആപ്പുകൾ ഡൗൺലോഡ് ചെയ്യാനും, ഇതര പേയ്‌മെന്റ് സംവിധാനങ്ങൾ ഉപയോഗിക്കാനും അനുമതി നൽകണമെന്ന് ഫെഡറൽ കോടതി ഉത്തരവിട്ടു. 2027 മാർച്ച് 1 ഉച്ചയ്ക്ക് 12 മണി മുതൽ ഉത്തരവ് നടപ്പിലാക്കണം. ഉപയോക്താക്കളുടെ ആപ്പിൾ അക്കൗണ്ട് റീജിയൻ ഓസ്‌ട്രേലിയ എന്ന് സെറ്റ് ചെയ്തിട്ടുള്ളവർക്കായിരിക്കും ഈ ഇളവുകൾ ലഭ്യമാകുക.
ആപ്പ് സ്റ്റോറിലെ കർശന നിയന്ത്രണങ്ങളിലൂടെ ആപ്പിൾ വിപണിയിലെ തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്തതായി 2025 ആഗസ്റ്റിൽ കോടതി കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നിർണ്ണായക ഉത്തരവ്. പുതിയ വിധിയോടെ, ആപ്പിളിന്റെ ആപ്പ് സ്റ്റോറിന് പുറത്തുള്ള സ്റ്റോറുകളിൽ നിന്നോ വെബ്‌സൈറ്റുകളിൽ നിന്നോ ആപ്പുകൾ ഡൗൺലോഡ് ചെയ്യാനും ഇൻസ്റ്റാൾ ചെയ്യാനും അപ്‌ഡേറ്റ് ചെയ്യാനും ഉപയോക്താക്കൾക്ക് സാധിക്കും. ഇതിനായി ഉപയോക്താക്കളിൽ നിന്ന് അധിക ഫീസ് ഈടാക്കാനോ തടസ്സങ്ങൾ സൃഷ്ടിക്കാനോ ആപ്പിളിന് അവകാശമില്ല.
ഡെവലപ്പർമാർക്ക് സ്വന്തം പേയ്‌മെന്റ് സംവിധാനങ്ങൾ ഏർപ്പെടുത്താനും ആപ്പുകളിൽ കുറഞ്ഞ നിരക്കുകൾ നൽകാനും സാധിക്കും. ആപ്പ് സ്റ്റോറിന് പുറത്തുള്ള പേയ്‌മെന്റുകൾക്ക് ഫീസ് ഈടാക്കാൻ ആപ്പിളിന് അധികാരമുണ്ടാകില്ല. അതേസമയം, ആപ്പുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഓട്ടോമേറ്റഡ് സെക്യൂരിറ്റി-പ്രൈവസി സ്കാനിംഗും നോട്ടറൈസേഷനും തുടരാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. എന്നാൽ കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നും, ഉപയോക്താക്കളുടെ സുരക്ഷയും ബൗദ്ധിക സ്വത്തവകാശവും മുൻനിർത്തി വിധി നടപ്പാക്കുന്നത് താത്കാലികമായി തടയണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്നും ആപ്പിൾ വ്യക്തമാക്കി.