ക്യാൻബറ: ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റിയിൽ ഭരണപ്രതിസന്ധി രൂക്ഷമാകുന്നു. ചാൻസലർ ജൂലി ബിഷപ്പ് കഴിഞ്ഞയാഴ്ച രാജിവെച്ചതിന് പിന്നാലെ കൗൺസിൽ അംഗങ്ങളായ ടാനിയ ഹോഷ്, വെയ്ൻ മാർട്ടിൻ, റോബ് വിറ്റ്‌ഫീൽഡ്, പത്മ രാമൻ എന്നിവരും രാജിവെച്ചതായി ആക്ടിംഗ് ചാൻസലർ ഡോ. ലാറി മാർഷൽ സ്ഥിരീകരിച്ചു. മറ്റൊരു അംഗമായ ആലിസൺ കിച്ചൻ നേരത്തെ സ്ഥാനം ഒഴിഞ്ഞിരുന്നു. കൗൺസിൽ അംഗങ്ങൾക്ക് പുറമെ യൂണിവേഴ്‌സിറ്റി സെക്രട്ടറി ഫിലിപ്പ് ട്വീഡിയും തന്റെ പദവി രാജിവെച്ചു.
ജൂലി ബിഷപ്പിന് പകരക്കാരനെ കണ്ടെത്താനുള്ള നടപടികൾ എമിരിറ്റസ് പ്രൊഫസർ പീറ്റർ കോൾഡ്രേക്കിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.
യൂണിവേഴ്‌സിറ്റിയുടെ ഭരണഘടനയിലും നിയമപരമായ ഘടനയിലും ദീർഘകാല മാറ്റങ്ങൾ വരുത്തുന്ന കാര്യം പരിഗണനയിലാണെന്ന് ഡോ. മാർഷൽ അറിയിച്ചു. വെറും ആളുകൾ മാറിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും എ.എൻ.യു-വിന്റെ ഭരണഘടനയിൽ തന്നെ മാറ്റം വേണമെന്നും നാഷണൽ ടെർഷ്യറി എഡ്യൂക്കേഷൻ യൂണിയൻ (NTEU) ആവശ്യപ്പെട്ടു. കൗൺസിൽ തങ്ങളുടെ മേൽനോട്ട ചുമതലയിൽ പരാജയപ്പെട്ടതായി യൂണിയൻ കുറ്റപ്പെടുത്തി.: യൂണിവേഴ്‌സിറ്റി കൗൺസിലിലേക്കുള്ള നിയമനങ്ങൾ രാഷ്ട്രീയമായല്ലാതെ, മെറിറ്റ് അടിസ്ഥാനത്തിൽ വേണമെന്ന് സ്വതന്ത്ര സെനറ്റർ ഡേവിഡ് പോക്കോക്കും അഭിപ്രായപ്പെട്ടു.
യൂണിവേഴ്‌സിറ്റിയുടെ കഠിനമായ സാഹചര്യത്തിൽ സേവനമനുഷ്ഠിച്ച മുൻ അംഗങ്ങൾക്ക് ആക്ടിംഗ് ചാൻസലർ നന്ദി രേഖപ്പെടുത്തി. പുതിയ അംഗങ്ങളെ നിയമിക്കുന്നതിനായുള്ള നിർദ്ദേശങ്ങൾ ഉടൻ തന്നെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഗണനയ്ക്ക് സമർപ്പിക്കും.