കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടപടിയെടുക്കാൻ സർക്കാരുകൾക്ക് ഗൗരവമായ ഉത്തരവാദിത്തമുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ്. എന്നാൽ കാലാവസ്ഥാ പ്രതിസന്ധിക്ക് പ്രധാന കാരണമായ ഫോസിൽ ഇന്ധനങ്ങളെക്കുറിച്ച് പ്രസംഗത്തിൽ പരാമർശിക്കാതിരുന്നത് വിമർശനത്തിന് ഇടയാക്കി. ബുധനാഴ്ച രാവിലെ മെഡിറ്ററേനിയൻ തീരത്തെ തുർക്കി നഗരമായ അന്റാലിയയിലെത്തിയ അൽബനീസ്, കോപ്31 ഉച്ചകോടിയിൽ പ്രസംഗിച്ചു. ഓസ്ട്രേലിയൻ കാലാവസ്ഥാ മന്ത്രി ക്രിസ് ബോവൻ ചർച്ചകൾക്ക് നേതൃത്വം നൽകുമ്പോൾ ആതിഥേയത്വം വഹിക്കുന്നത് തുർക്കിയാണ്.
അൽബനീസിന് തൊട്ടുമുമ്പ് വേദിയിൽ സംസാരിച്ച യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസിൽ പരിമിതപ്പെടുത്താനുള്ള ലക്ഷ്യം നിലനിർത്തണമെങ്കിൽ പുതിയ കൽക്കരി പദ്ധതികൾ അനുവദിക്കരുതെന്ന് വ്യക്തമാക്കി. കാലാവസ്ഥാ നടപടികളിൽ ലോകത്തിന് നേതൃത്വം നൽകുന്നതിൽ ഓസ്ട്രേലിയ അഭിമാനിക്കുന്നുവെന്ന് അൽബനീസ് പറഞ്ഞു. പുനരുപയോഗ ഊർജ മേഖലയിൽ മുന്നേറുന്നതും ഭാവിയിലെ ശുദ്ധ ഊർജ വ്യവസായങ്ങൾക്കും തൊഴിലുകൾക്കും വഴിയൊരുക്കുന്നതും രാജ്യത്തിന്റെ നേട്ടങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പസഫിക് മേഖലയിലെ രാജ്യങ്ങളുടെ താൽപര്യങ്ങൾക്കുവേണ്ടിയും ഓസ്ട്രേലിയ ഉച്ചകോടിയിൽ ശബ്ദമുയർത്തുമെന്നും വ്യക്തമാക്കി.
എന്നാൽ കൽക്കരി കയറ്റുമതിയിൽ ലോകത്ത് രണ്ടാം സ്ഥാനത്തും ഉരുക്ക് നിർമാണത്തിനുള്ള കൽക്കരി കയറ്റുമതിയിൽ ഒന്നാം സ്ഥാനത്തുമാണ് ഓസ്ട്രേലിയ. ലോകത്തെ കയറ്റുമതി ചെയ്യുന്ന ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (LNG) അഞ്ചിലൊന്നും ഓസ്ട്രേലിയയിൽ നിന്നാണ്. ആറു വർഷത്തിനിടെ പുനരുപയോഗ ഊർജ ഉൽപ്പാദനം ഇരട്ടിയാക്കിയതും രാജ്യത്തെ വൈദ്യുതിയുടെ പകുതിയോളം ഈ മേഖലയിൽനിന്ന് ലഭിക്കുന്നതും അൽബനീസ് നേട്ടങ്ങളായി ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും വലിയ മേൽക്കൂര സൗരോർജ-ബാറ്ററി വിപണികളിലൊന്നായി ഓസ്ട്രേലിയ മാറിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഫോസിൽ ഇന്ധനങ്ങളിൽനിന്ന് ഘട്ടംഘട്ടമായി മാറുന്നതിനുള്ള വ്യക്തമായ പദ്ധതികൾ രാജ്യങ്ങൾ തയ്യാറാക്കണമെന്ന ബ്രസീലിന്റെ നിർദേശം കോപ്31ൽ മുന്നോട്ടുകൊണ്ടുപോകാൻ ഗുട്ടെറസും നിരവധി രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. 1.5 ഡിഗ്രി ലക്ഷ്യം കൈവരിക്കണമെങ്കിൽ 2035ഓടെ കൽക്കരി വൈദ്യുതി ഉൽപ്പാദനം കുറഞ്ഞത് 75 ശതമാനം കുറയ്ക്കണമെന്ന് ഗുട്ടെറസ് പറഞ്ഞു. കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ സുരക്ഷിതമായി പിടിച്ചെടുക്കാത്ത കൽക്കരി വൈദ്യുതി ഉൽപ്പാദനം 2040ഓടെ ഏതാണ്ട് പൂർണമായി അവസാനിപ്പിക്കണമെന്നും എണ്ണ, വാതക ഉപയോഗം മൂന്നിലൊന്നായി കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ കൽക്കരി പദ്ധതികൾ അനുവദിക്കരുതെന്നും 1.5 ഡിഗ്രി ലക്ഷ്യത്തിന് തടസ്സമാകുന്ന പുതിയ എണ്ണ-വാതക അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കരുതെന്നും ഗുട്ടെറസ് വ്യക്തമാക്കി. തൊഴിലാളികളുടെയും സമൂഹങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ഫോസിൽ ഇന്ധനങ്ങളിൽനിന്ന് മാറാനുള്ള ദേശീയ പദ്ധതികൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അൽബനീസ് ഫോസിൽ ഇന്ധനങ്ങളെക്കുറിച്ച് പരാമർശിക്കാതിരുന്നത് യുഎൻ സെക്രട്ടറി ജനറലിന്റെ സന്ദേശത്തെ അവഗണിക്കുന്നതിന് തുല്യമാണെന്ന് ഓസ്ട്രേലിയൻ കൺസർവേഷൻ ഫൗണ്ടേഷൻ മേധാവിയും മുൻ ഗ്രീൻസ് നേതാവുമായ ആദം ബാൻഡ് വിമർശിച്ചു. പുതിയ കൽക്കരി, വാതക ഖനികൾക്ക് അനുമതി നൽകുന്നത് അവസാനിപ്പിക്കാതെ സർക്കാരിന് ഈ വിഷയം ഒഴിവാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയൻ സംഘടനയായ ക്ലൈമറ്റ് അനലിറ്റിക്സിന്റെ മേധാവി ബിൽ ഹെയറും പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഫോസിൽ ഇന്ധനങ്ങളെക്കുറിച്ച് പരാമർശമില്ലാത്തത് ആശങ്കാജനകമാണെന്ന് അഭിപ്രായപ്പെട്ടു. 2022ൽ അൽബനീസ് സർക്കാർ അധികാരത്തിലെത്തിയ ശേഷം 38 ഫോസിൽ ഇന്ധന പദ്ധതികൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2035ഓടെ ആകെ ഊർജ ഉപയോഗത്തിൽ വൈദ്യുതിയുടെ പങ്ക് 35 ശതമാനമായി ഉയർത്തുകയെന്ന ആഗോള ലക്ഷ്യത്തിന് ഓസ്ട്രേലിയയും തുർക്കിയും പിന്തുണ തേടുന്നുണ്ട്. നിലവിൽ ഇത് ഏകദേശം 20 ശതമാനമാണ്.
കാലാവസ്ഥാ വ്യതിയാനം, ഊർജസുരക്ഷ, സംഘർഷങ്ങൾ, നിർമിതബുദ്ധിയുടെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യം തുടങ്ങിയ പ്രതിസന്ധികളെ നേരിടാൻ അന്താരാഷ്ട്ര സഹകരണത്തിന് കഴിയുമോ എന്ന ചോദ്യത്തിന് കോപ്31 ഉത്തരം നൽകുമെന്ന് ഓസ്ട്രേലിയൻ കാലാവസ്ഥാ മന്ത്രി ക്രിസ് ബോവൻ പറഞ്ഞു. അന്താരാഷ്ട്ര സഹകരണം ഇപ്പോഴും മുന്നോട്ടുള്ള വഴിയാണെന്ന ഉറച്ച മറുപടി നൽകാൻ ഈ രണ്ടാഴ്ചത്തെ ഉച്ചകോടിക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.