2018-ൽ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നടന്ന പന്തുചുരണ്ടൽ വിവാദത്തിൽ ഓസ്ട്രേലിയൻ ടീമിലെ കൂടുതൽ പേർക്ക് അറിവുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഉസ്മാൻ ഖവാജ. തന്റെ പുതിയ പുസ്തകമായ സബ്രിൽ (Sabr) ആണ് വിവാദ സംഭവത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടത്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഔദ്യോഗിക അന്വേഷണത്തിലെ കണ്ടെത്തലുകൾക്ക് വിരുദ്ധമാണ് ഖവാജയുടെ വെളിപ്പെടുത്തലുകൾ.
പന്തുചുരണ്ടാനുള്ള നീക്കത്തെക്കുറിച്ച് ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവർക്ക് മാത്രമേ മുൻകൂട്ടി അറിവുണ്ടായിരുന്നുള്ളൂവെന്നായിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ മൂവർക്കും കടുത്ത വിലക്കുകൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ സംഭവത്തിൽ ടീമിലെ എല്ലാവർക്കും പങ്കുണ്ടായിരുന്നുവെന്നാണ് ഖവാജ പറയുന്നത്. “ബാറ്റർമാരോ ബൗളർമാരോ പരിശീലകസംഘമോ മാത്രമല്ല, നമ്മളെല്ലാവരും അതിന്റെ ഭാഗമായിരുന്നു,” സിഡ്നി മോണിങ് ഹെറാൾഡിനോട് അദ്ദേഹം പറഞ്ഞു. പര്യടനത്തിന്റെ തുടക്കത്തിൽ തന്നെ പന്തിന്റെ ഉപരിതലം പരുക്കനാക്കാനുള്ള മാർഗങ്ങളെക്കുറിച്ച് ടീം തുറന്ന് ചർച്ച ചെയ്തിരുന്നുവെന്നും ഒടുവിൽ സാൻഡ്പേപ്പർ ഉപയോഗിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയെന്നുമാണ് പുസ്തകത്തിലെ വെളിപ്പെടുത്തൽ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഗ്കെബെർഹ ടെസ്റ്റിനിടെ പന്ത് സ്വിങ് ചെയ്യുന്നതിനെക്കുറിച്ച് ചർച്ചയുണ്ടായപ്പോൾ സാൻഡ്പേപ്പർ ഉപയോഗിക്കാൻ ബാൻക്രോഫ്റ്റ് സ്വയം സന്നദ്ധത അറിയിച്ചിരുന്നതായും ഖവാജ പറയുന്നു. ന്യൂലാൻഡ്സ് ടെസ്റ്റിലെ സംഭവത്തിൽ ബാൻക്രോഫ്റ്റും ഒരു ടീം സ്റ്റാഫ് അംഗവും തമ്മിലുണ്ടായ ആശയവിനിമയത്തിനും പങ്കുണ്ടായിരുന്നുവെന്ന് പുസ്തകത്തിൽ പരാമർശിക്കുന്നു.
കണ്ടെത്തലുകളിൽ ഉറച്ചുനിൽക്കുന്നതായി ക്രിക്കറ്റ് ഓസ്ട്രേലിയ
ഖവാജയുടെ വെളിപ്പെടുത്തലുകളോട് പ്രതികരിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രസ്താവന പുറത്തിറക്കി. എട്ട് വർഷമായി സംഭവത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങളും മാധ്യമ റിപ്പോർട്ടുകളും വന്നിട്ടുണ്ടെന്നും അന്വേഷണത്തിനായി ലഭിച്ച പ്രസക്തമായ വിവരങ്ങളെല്ലാം പരിശോധിച്ചിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി. നിലവിലെ അന്വേഷണ കണ്ടെത്തലുകളിൽ തങ്ങൾ സംതൃപ്തരാണെന്നും പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിന് പിന്നാലെ സ്റ്റീവ് സ്മിത്ത് മാധ്യമങ്ങളെ കാണാൻ തിടുക്കം കാണിക്കരുതെന്ന് ഖവാജ ഉപദേശിച്ചിരുന്നെങ്കിലും അത് ഫലിച്ചില്ല. പിന്നീട് ഡ്രസ്സിങ് റൂമിൽവെച്ച് സംഭവത്തിന്റെ ഉത്തരവാദിത്തം ടീം ഒന്നടങ്കം ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ കുറ്റത്തിന്റെ ഉത്തരവാദിത്തം വാർണർ, സ്മിത്ത്, ബാൻക്രോഫ്റ്റ് എന്നിവരിൽ മാത്രമായി ചുരുങ്ങി. 2021-ൽ ബൗളർമാരായ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, നഥാൻ ലയൺ എന്നിവർ സാൻഡ്പേപ്പർ മൈതാനത്തേക്ക് കൊണ്ടുവന്നതിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്ന് സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. വിവാദത്തിന്റെ ഫലമായി വാർണർ നിരന്തരം വിമർശനങ്ങൾ നേരിട്ടെന്നും ബാൻക്രോഫ്റ്റിന്റെ ടെസ്റ്റ് കരിയർ തകർന്നെന്നും സ്മിത്തിന്റെ പേരിനൊപ്പം വിവാദം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ഖവാജ ചൂണ്ടിക്കാട്ടി.
കൂട്ടുത്തരവാദിത്തം ഏറ്റെടുക്കേണ്ടതായിരുന്നു
അന്ന് ആഗോള ക്രിക്കറ്റിൽ പന്തിന്റെ സ്വിങ് നിയന്ത്രിക്കുന്നതിനായി സംശയാസ്പദമായ രീതികൾ വ്യാപകമായി ഉപയോഗിച്ചിരുന്നുവെന്നും ഓസ്ട്രേലിയയും മറ്റു ടീമുകൾക്കൊപ്പം പിടിച്ചുനിൽക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ഖവാജ പറയുന്നു. തുടർച്ചയായ തോൽവികൾക്കുശേഷം ജയിക്കാൻ എന്തും ചെയ്യണമെന്ന ചിന്താഗതി പരിശീലകസംഘത്തിലും ക്രിക്കറ്റ് ഓസ്ട്രേലിയയിലും ശക്തമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പന്തിന്റെ തിളക്കമുള്ള വശം മിനുക്കാൻ മിഠായികൾ ഉപയോഗിക്കുന്നതും പന്ത് മനഃപൂർവം പിച്ചിൽ എറിയിച്ച് പരുക്കൻ വശം സൃഷ്ടിക്കുന്നതും താൻ കളിച്ച ഓസ്ട്രേലിയൻ ടീമുകളിൽ കണ്ടിട്ടുണ്ടെന്നും ഇത്തരം രീതികളും അനുവദനീയമല്ലെന്നും ഖവാജ വെളിപ്പെടുത്തി.
ന്യൂലാൻഡ്സ് ടെസ്റ്റിൽ ബാൻക്രോഫ്റ്റിന്റെ തൊട്ടടുത്തിരുന്നിട്ടും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഔദ്യോഗിക അന്വേഷണസംഘം തന്നെ ചോദ്യം ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. ടീമെന്ന നിലയിൽ കൂട്ടുത്തരവാദിത്തം ഏറ്റെടുക്കണമെന്ന് താൻ നിലപാടെടുത്തിരുന്നതിനാലാകാം തന്നെ ചോദ്യം ചെയ്യാതിരുന്നതെന്നും ഖവാജ സംശയം പ്രകടിപ്പിച്ചു. പുസ്തകത്തിൽ എഴുതിയ കാര്യങ്ങളെക്കുറിച്ച് നിലവിലെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെയും ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് ടോഡ് ഗ്രീൻബെർഗിനെയും പുസ്തകം പുറത്തിറങ്ങുന്നതിന് മുമ്പ് അറിയിച്ചിരുന്നതായും ഖവാജ വ്യക്തമാക്കി. മൂന്ന് താരങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നതിന് പകരം ടീം ഒന്നടങ്കം ഉത്തരവാദിത്തം ഏറ്റെടുക്കുന്നതാണ് ശരിയായ നടപടിയെന്നും ഇതിലൂടെ വിവാദത്തിൽനിന്ന് എല്ലാവർക്കും മുന്നോട്ടുപോകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.