ബോണ്ടിയിലെ ഭീകരാക്രമണത്തിന് ശേഷം പ്രധാനമന്ത്രി ആന്തണി ആൽബനീസ് സ്വീകരിച്ച നിലപാടുകൾ വോട്ടർമാരുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതായി പുതിയ സർവേകൾ. ഇതോടെ അദ്ദേഹത്തിന്റെ വ്യക്തിപരമായ ജനപിന്തുണയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ന്യൂസ്പോൾ പുറത്തുവിട്ട ഈ വർഷത്തെ ആദ്യ സർവേ പ്രകാരം, വണ്‍ നേഷൻ പാർട്ടിയുടെ പ്രാഥമിക വോട്ട് ശതമാനം കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏഴ് ശതമാനം ഉയർന്ന് 22 ശതമാനത്തിലെത്തി. ഇതോടെ പോളിൻ ഹാൻസൺ നയിക്കുന്ന പാർട്ടി കോലിഷനെ പോലും മറികടന്നിരിക്കുകയാണ്.
അതേസമയം, കോലിഷന്റെ വോട്ട് ശതമാനം മൂന്ന് പോയിന്റ് കുറഞ്ഞ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയായ 21 ശതമാനമായി. ലേബർ പാർട്ടിക്ക് നാല് പോയിന്റ് നഷ്ടമായി 32 ശതമാനത്തിലേക്ക് ഇടിഞ്ഞു.
പ്രധാനമന്ത്രി ആൽബനീസിന്റെ നെറ്റ് അംഗീകാര റേറ്റിംഗ് -11 ആയി ഇടിഞ്ഞിട്ടുണ്ട്. 42 ശതമാനം പേർ അദ്ദേഹത്തിന്റെ പ്രകടനത്തിൽ തൃപ്തരാണെന്ന് പറഞ്ഞപ്പോൾ, 53 ശതമാനം പേർ അസന്തുഷ്ടരാണ്. 5 ശതമാനം പേർ നിലപാട് വ്യക്തമാക്കിയിട്ടില്ല.
നയൻ ന്യൂസ് പേപ്പഴ്സിനായി നടത്തിയ Resolve Political Monitor സർവേയും സമാനമായ ചിത്രം വരയ്ക്കുന്നു. അതിൽ ലേബറിന്റെ പ്രാഥമിക വോട്ട് 30 ശതമാനമായി താഴ്ന്നു—സമീപകാലത്ത് അഞ്ച് ശതമാനം ഇടിവ്. കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുമ്പുള്ള ഏറ്റവും താഴ്ന്ന നിലയാണിത്.
വ്യക്തിപരമായ തലത്തിൽ, മുൻഗണനയുള്ള പ്രധാനമന്ത്രി എന്ന നിലയിൽ മിസ്റ്റർ അൽബനീസിന്റെ ലീഡ് 11 ശതമാനം പോയിന്റ് കുറഞ്ഞു.ലിബറൽ നേതാവ് സുസ്സാൻ ലേയെ ഇഷ്ടപ്പെടുന്നവരുടെ എണ്ണം 29 ശതമാനം ആണ്.