ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് AP Images
Australia

ട്രംപിന്റെ വാക്കുകളിൽ വിശ്വാസമില്ല; ഇന്ധന സുരക്ഷയ്ക്കായി 10 ബില്യൺ ഡോളർ നീക്കിവെച്ച് ഓസ്‌ട്രേലിയ

ആഗോളതലത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ സ്വന്തമായി ഉൽപ്പാദനവും ശേഖരണവും വേണമെന്ന 'ഫ്യൂച്ചർ മെയ്ഡ് ഇൻ ഓസ്‌ട്രേലിയ' എന്ന നയത്തിലാണ് ലേബർ സർക്കാർ ഉറച്ചുനിൽക്കുന്നത്.

Elizabath Joseph

കാൻബറ: ഇറാനുമായുള്ള യുദ്ധം അവസാനിച്ചെന്നും 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' (Operation Epic Fury) പൂർത്തിയായെന്നും അമേരിക്ക പ്രഖ്യാപിച്ചെങ്കിലും ഓസ്‌ട്രേലിയ ജാഗ്രതയിലാണ്. പശ്ചിമേഷ്യയിലെ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ അടുത്ത ആഴ്ചത്തെ ബജറ്റിൽ ഇന്ധന സുരക്ഷയ്ക്കായി 10 ബില്യൺ ഡോളറിന്റെ (1000 കോടി ഡോളർ) പാക്കേജാണ് പ്രധാനമന്ത്രി ആന്തണി ആൽബനീസി പ്രഖ്യാപിച്ചത്.

സർക്കാർ ഉടമസ്ഥതയിലുള്ള സ്റ്റോക്ക്: ആദ്യമായി ഡീസൽ, ജെറ്റ് ഇന്ധനം എന്നിവയുടെ സർക്കാർ ഉടമസ്ഥതയിലുള്ള വൻ ശേഖരം നിർമ്മിക്കും. ഇതിനായി 3.2 ബില്യൺ ഡോളർ ചിലവാക്കും.

50 ദിവസത്തെ കരുതൽ ശേഖരം: വ്യവസായ സ്ഥാപനങ്ങൾ കൈവശം വെക്കേണ്ട ഇന്ധന ശേഖരം വർദ്ധിപ്പിക്കുന്നതിലൂടെ രാജ്യത്തിന് ആകെ 50 ദിവസത്തെ ഇന്ധന കരുതൽ ഉറപ്പാക്കും.

വായ്പകളും ഗ്യാരണ്ടികളും: ഇന്ധനവും വളവും ഇറക്കുമതി ചെയ്യുന്നത് സുഗമമാക്കാൻ 7.5 ബില്യൺ ഡോളറിന്റെ വായ്പകളും ഗ്യാരണ്ടികളും നൽകും.

അമേരിക്കയുടെ വിദേശനയങ്ങളിലെ അസ്ഥിരതയും പശ്ചിമേഷ്യയിലെ യുദ്ധം മൂലം ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥ നേരിടുന്ന തിരിച്ചടിയുമാണ് ഇത്തരമൊരു വലിയ നീക്കത്തിന് സർക്കാരിനെ പ്രേരിപ്പിച്ചത്. "ഇന്ധന ഇറക്കുമതിക്കായി നാം മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ഊർജ്ജ പരമാധികാരം ഉറപ്പാക്കുകയുമാണ് ലക്ഷ്യം," എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

സർക്കാരിന്റെ ഈ ഇടപെടലിനെ പ്രതിപക്ഷം വിമർശിച്ചു. സർക്കാർ നേരിട്ട് ഇന്ധന വിപണിയിൽ ഇടപെടുന്നത് ശരിയല്ലെന്നും സ്വകാര്യ മേഖലയെക്കൊണ്ട് സ്റ്റോക്ക് ചെയ്യിക്കുന്നതാണ് നല്ലതെന്നുമാണ് ഷാഡോ ട്രഷറർ ആംഗസ് ടെയ്‌ലറുടെ നിലപാട്. എന്നാൽ ആഗോളതലത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ സ്വന്തമായി ഉൽപ്പാദനവും ശേഖരണവും വേണമെന്ന 'ഫ്യൂച്ചർ മെയ്ഡ് ഇൻ ഓസ്‌ട്രേലിയ' (Future Made in Australia) എന്ന നയത്തിലാണ് ലേബർ സർക്കാർ ഉറച്ചുനിൽക്കുന്നത്.

SCROLL FOR NEXT