freestocks/ Unsplash
Australia

വെബ്‌സൈറ്റുകളിൽ സുരക്ഷാവീഴ്ച; AI കണ്ടെത്തിയത് പതിറ്റാണ്ട് പഴക്കമുള്ള തകരാർ, ഓസ്‌ട്രേലിയയിൽ ജാഗ്രതാ

സിസ്റ്റം അടിയന്തരമായി പാച്ച് ചെയ്യുകയോ അല്ലെങ്കിൽ വെബ്‌സൈറ്റുകൾ താത്കാലികമായി ഓഫ്‌ലൈനിലേക്ക് മാറ്റുകയോ ചെയ്യണമെന്ന് പ്രമുഖ വെബ് സെക്യൂരിറ്റി വിദഗ്ദ്ധൻ ട്രോയ് ഹണ്ട് വ്യക്തമാക്കി.

Elizabath Joseph

കാൻബറ: ഇന്റർനെറ്റിലെ ഭൂരിഭാഗം വെബ്‌സൈറ്റുകളുടെയും അടിസ്ഥാന പ്രോഗ്രാമിംഗ് ലാംഗ്വേജായ പിഎച്ച്പിയിൽ (PHP) അതീവ ഗുരുതരമായ സുരക്ഷാവീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ആഗോളതലത്തിൽ വൻ ഡാറ്റാ ചോർച്ചാ ഭീഷണി. A I സാങ്കേതികവിദ്യയുടെ സഹായത്തോടെ കണ്ടെത്തിയ ഈ സുരക്ഷാപിഴവ് ഓസ്‌ട്രേലിയയിലെ സർക്കാർ വെബ്‌സൈറ്റുകളെയും വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകളെയും ക്ലൗഡ് ഹോസ്റ്റിംഗ് സേവനങ്ങളെയും താത്കാലികമായി നിശ്ചലമാക്കി. ഓസ്‌ട്രേലിയക്കാർ തങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ചോരാൻ സാധ്യതയുള്ള വലിയ സുരക്ഷാ ഭീഷണി നേരിടുകയാണെന്ന് സൈബർ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.

'പിഎച്ച്പി ടു ഷെൽ' (PHP2shell) എന്ന് പേരിട്ടിരിക്കുന്ന ഈ തകരാറുകൾ ഒരു പതിറ്റാണ്ടിലേറെയായി കോഡിംഗിൽ നിലനിന്നിരുന്നവയാണ്. വേർഡ്പ്രസ്സും വിക്കിപീഡിയയും ഉൾപ്പെടെ ഇന്റർനെറ്റിലെ പത്തിൽ ഏഴ് വെബ്‌സൈറ്റുകളുടെയും ആപ്പുകളുടെയും ബാക്കെൻഡ് പ്രവർത്തിക്കുന്നത് പിഎച്ച്പിയിലാണ്. സെർവറുകളിലേക്ക് ലോഗിൻ ചെയ്യാതെ തന്നെ സ്വന്തം കോഡ് പ്രവർത്തിപ്പിക്കാനും വ്യക്തിഗത വിവരങ്ങൾ ചോർത്താനും മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യാനും ഹാക്കർമാർക്ക് ഈ പിഴവ് വഴി സാധിക്കും. സിസ്റ്റം അടിയന്തരമായി പാച്ച് ചെയ്യുകയോ അല്ലെങ്കിൽ വെബ്‌സൈറ്റുകൾ താത്കാലികമായി ഓഫ്‌ലൈനിലേക്ക് മാറ്റുകയോ ചെയ്യണമെന്ന് പ്രമുഖ വെബ് സെക്യൂരിറ്റി വിദഗ്ദ്ധൻ ട്രോയ് ഹണ്ട് വ്യക്തമാക്കി.

പ്രശ്നം ഗുരുതരമായതോടെ ഓസ്‌ട്രേലിയൻ സിഗ്നൽസ് ഡയറക്ടറേറ്റ് (ASD) അടിയന്തര നിർദ്ദേശം പുറപ്പെടുവിച്ചു. സർക്കാർ വെബ്‌സൈറ്റുകൾ കൈകാര്യം ചെയ്യുന്ന 'GovCMS', മുൻകരുതലിന്റെ ഭാഗമായി സെർവറുകളിലേക്കുള്ള നേരിട്ടുള്ള ആക്‌സസ് തടഞ്ഞു. ലക്ഷക്കണക്കിന് സ്കൂളുകളും സർവകലാശാലകളും പഠനാവശ്യത്തിന് ഉപയോഗിക്കുന്ന 'മൂഡിൽ' (Moodle) പ്ലാറ്റ്‌ഫോമും ചില ഹോസ്റ്റിംഗ് പ്രൊവൈഡർമാരും തങ്ങളുടെ സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചാണ് സുരക്ഷാ അപ്‌ഡേറ്റുകൾ നടപ്പാക്കിയത്.

ഓപ്പൺഎഐയുടെ എഐ മോഡലുകൾ ഉപയോഗിച്ച് യുഎസ് ആസ്ഥാനമായുള്ള സൈബർ സുരക്ഷാ സ്ഥാപനമായ 'കാലിഫ്' (Calif) ആണ് ഈ സുരക്ഷാവീഴ്ച സ്ഥിരീകരിച്ചത്. പുതിയ പാച്ചുകൾ പുറത്തിറക്കിയതായി പിഎച്ച്പി ഫൗണ്ടേഷൻ അറിയിച്ചിട്ടുണ്ടെങ്കിലും, ഔദ്യോഗികമായി വിവരങ്ങൾ പുറത്തുവരുന്നതിന് മുൻപ് തന്നെ ഒക്ടോബർ 17 മുതൽ ഹാക്കർമാർ ഇതിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ചിരുന്നതായി ആമസോൺ വെബ് സർവീസസ് (AWS) വെളിപ്പെടുത്തി.

SCROLL FOR NEXT