AI  (Getty Images)
Australia

AI വരുമാന അസമത്വം വർധിപ്പിക്കും;നേട്ടം കൊയ്യുന്നത് ചുരുക്കം ടെക് ഭീമന്മാരെന്ന് മുന്നറിയിപ്പ്

ജൂനിയർ ജീവനക്കാരെ കൂടുതൽ കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ എഐ സഹായിക്കുമെങ്കിലും, കമ്പനികൾക്ക് ആവശ്യമായ തുടക്കക്കാരായ ജീവനക്കാരുടെ എണ്ണത്തിൽ ഇത് വലിയ കുറവുണ്ടാക്കും.

Elizabath Joseph

സിഡ്നി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ വളർച്ച സമ്പദ്‌വ്യവസ്ഥയിൽ വരുമാന അസമത്വം കുത്തനെ ഉയർത്താൻ കാരണമായേക്കുമെന്ന് ഓസ്‌ട്രേലിയൻ ഫെഡറൽ അസിസ്റ്റന്റ് മന്ത്രി ആൻഡ്രൂ ലീ. സാമ്പത്തിക മേഖലയിലെ പ്രധാന കമ്പനികളെല്ലാം ആശ്രയിക്കുന്ന അപൂർവ്വം ചില എഐ മോഡൽ ദാതാക്കൾ വിപണിയിലെ "ടോൾ പിരിവുകാരായി" (Toll collectors) മാറുമെന്നും, തൊഴിലാളികൾ തമ്മിലുള്ള വേതന വ്യത്യാസം കുറഞ്ഞാലും മൊത്തത്തിലുള്ള വരുമാന വിടവ് വർധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജെപി മോർഗൻ എഐ കോൺഫറൻസിൽ നടത്തുന്ന പ്രസംഗത്തിന് മുന്നോടിയായാണ് അദ്ദേഹം ഈ നിരീക്ഷണങ്ങൾ പങ്കുവെച്ചത്.

ജൂനിയർ ജീവനക്കാരെ കൂടുതൽ കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ എഐ സഹായിക്കുമെങ്കിലും, കമ്പനികൾക്ക് ആവശ്യമായ തുടക്കക്കാരായ ജീവനക്കാരുടെ എണ്ണത്തിൽ ഇത് വലിയ കുറവുണ്ടാക്കും. ജൂനിയർ അക്കൗണ്ടന്റും സീനിയർ അക്കൗണ്ടന്റും തമ്മിലുള്ള ഉൽപ്പാദനക്ഷമതയിലെ വിടവ് കുറയുന്നതോടെ തൊഴിൽ വൈദഗ്ധ്യത്തിനുള്ള വേതന പ്രീമിയം കുറഞ്ഞേക്കാം. എന്നാൽ കമ്പനികളുടെയും സാങ്കേതികവിദ്യയുടെയും ഉടമസ്ഥാവകാശം ചുരുക്കം ചിലരിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നതോടെ സമ്പദ്‌വ്യവസ്ഥ മൂലധന കേന്ദ്രീകൃതമായി മാറും.

ബാങ്കുകൾ, നിയമ സ്ഥാപനങ്ങൾ, നിർമ്മാണ യൂണിറ്റുകൾ, റീട്ടെയിലർമാർ എന്നിവയെല്ലാം വിരലിലെണ്ണാവുന്ന ചില എഐ സിസ്റ്റങ്ങളെ ആശ്രയിക്കുമ്പോൾ, ആ സാങ്കേതികവിദ്യയുടെ ഉടമകൾക്ക് വിപണിയിൽ അനിയന്ത്രിതമായ വിലനിർണ്ണയ അധികാരം (Pricing power) ലഭിക്കുമെന്ന് ആൻഡ്രൂ ലീ ചൂണ്ടിക്കാട്ടി. ഒരു സ്ഥാപനം എഐ വഴി കാര്യക്ഷമത വർദ്ധിപ്പിച്ചാലും അതിന്റെ സിംഹഭാഗം ലാഭവും ഈ എഐ ദാതാക്കൾ ഫീസായി ഈടാക്കാൻ സാധ്യതയുണ്ട്. ഉൽപ്പാദന ആസ്തികളുടെ ഉടമസ്ഥത ആർക്കാണ് എന്നതും വിപണി നിയന്ത്രിക്കുന്ന കമ്പനികൾ എത്രത്തോളം ലാഭം കൈക്കലാക്കുന്നു എന്നതുമാണ് വരുംകാലത്ത് അസമത്വം നിർണ്ണയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT