എമ്മി അവാർഡ് നാമനിർദ്ദേശം 
Australia

എമ്മി അവാർഡ് നാമനിർദ്ദേശം: 25 നോമിനേഷനുകളുമായി 'ദി പിറ്റ്' മുന്നിൽ; 'ഹാക്സിന്' 24 നാമനിർദ്ദേശങ്ങൾ

26,000-ത്തോളം വരുന്ന ടെലിവിഷൻ അക്കാദമി അംഗങ്ങൾ വോട്ട് ചെയ്ത് തിരഞ്ഞെടുക്കുന്ന ജേതാക്കളെ സെപ്റ്റംബർ 14-ന് ലോസ് ആഞ്ചലസിലെ പീക്കോക്ക് തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും.

Elizabath Joseph

ലോസ് ആഞ്ചലസ്: ടെലിവിഷൻ രംഗത്തെ ലോകത്തിലെ ഏറ്റവും വലിയ പുരസ്കാരമായ 78-ാമത് പ്രൈംടൈം എമ്മി അവാർഡിനുള്ള നാമനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. പ്രശസ്തമായ എച്ച്ബിഒ മെഡിക്കൽ ഡ്രാമ പരമ്പര 'ദി പിറ്റ്' 25 നാമനിർദ്ദേശങ്ങളുമായി പട്ടികയിൽ ഒന്നാമതെത്തി. മികച്ച ഡ്രാമ പരമ്പര ഉൾപ്പെടെയുള്ള പ്രധാന വിഭാഗങ്ങളിലെല്ലാം 'ദി പിറ്റ്' ഇടംപിടിച്ചിട്ടുണ്ട്. ജനപ്രിയ കോമഡി പരമ്പരയായ 'ഹാക്ക്സ്' 24 നോമിനേഷനുകളുമായി തൊട്ടുപിന്നിലുണ്ട്. 26,000-ത്തോളം വരുന്ന ടെലിവിഷൻ അക്കാദമി അംഗങ്ങൾ വോട്ട് ചെയ്ത് തിരഞ്ഞെടുക്കുന്ന ജേതാക്കളെ സെപ്റ്റംബർ 14-ന് ലോസ് ആഞ്ചലസിലെ പീക്കോക്ക് തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും.

മികച്ച ഡ്രാമ വിഭാഗത്തിൽ 'ദി പിറ്റ്' കൂടാതെ ദി ഡിപ്ലോമാറ്റ്, ദ ഗിൽഡഡ് ഏജ്, എ നൈറ്റ് ഓഫ് ദ സെവൻ കിംഗ്ഡംസ്, പാരഡൈസ്, പ്ലൂരിബസ്, സ്ലോ ഹോഴ്‌സസ്, യുവർ ഫ്രണ്ട്സ് ആൻഡ് നെയ്ബേഴ്സ് എന്നിവയും മത്സരിക്കുന്നുണ്ട്. കോമഡി വിഭാഗത്തിൽ ഹാക്ക്സിനൊപ്പം ദി ബെയർ, അബട്ട് എലിമെന്ററി, നോബഡി വാണ്ട്സ് ദിസ്, ഒൺലി മർഡേഴ്സ് ഇൻ ദി ബിൽഡിംഗ്, ഷ്രിങ്കിംഗ് എന്നിവയാണ് മാറ്റുരയ്ക്കുന്നത്. ഹാക്സിലെ അഭിനയത്തിന് ഇതിനകം നാല് തവണ മികച്ച കോമഡി നടിയായി തിരഞ്ഞെടുക്കപ്പെട്ട ജീൻ സ്മാർട്ട് അഞ്ചാം സീസണിലും നാമനിർദ്ദേശം ചെയ്യപ്പെട്ടു. 'ദി ബെയർ' താരം അയോ എഡെബിരി, ക്വിന്റ ബ്രൺസൺ എന്നിവരാണ് ഈ വിഭാഗത്തിലെ മറ്റ് മത്സരാർത്ഥികൾ. കൂടാതെ നടൻ ജേസൺ ബേറ്റ്മാൻ അഭിനയം, സംവിധാനം, നിർമ്മാണം എന്നിവയിലായി ആകെ നാല് വ്യക്തിഗത നാമനിർദ്ദേശങ്ങൾ സ്വന്തമാക്കി റെക്കോർഡിട്ടു.

ഓസ്‌ട്രേലിയൻ താരത്തിന് തിളക്കം:

മികച്ച ഡ്രാമ വിഭാഗത്തിൽ മത്സരിക്കുന്ന 'ദി പിറ്റ്' പരമ്പരയിൽ സൗത്ത് ഓസ്‌ട്രേലിയൻ വംശജയായ നടി ഷബാന അസീസ് (Shabana Azeez) പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പരമ്പരയിലെ ഇന്റേൺ ഡോക്ടറായ വിക്ടോറിയ ജവാദി എന്ന കഥാപാത്രത്തെയാണ് 29-കാരിയായ ഷബാന അവതരിപ്പിച്ചത്. ഓസ്‌ട്രേലിയൻ ഇൻഡി ടെലിവിഷൻ രംഗത്തും 'ബേർഡ് ഈറ്റർ' എന്ന സൈക്കോളജിക്കൽ ത്രില്ലറിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത ഷബാനയ്ക്ക് അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന വലിയൊരു അംഗീകാരമാണിത്. മികച്ച ലിമിറ്റഡ് സീരീസ് വിഭാഗത്തിൽ ബീഫ്, ഓൾ ഹെർ ഫോൾട്ട്, ഡിടിഎഫ് സെന്റ് ലൂയിസ് എന്നിവയും നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

SCROLL FOR NEXT